Wed. Nov 25th, 2026

തിരുവനന്തപുരം: ഉത്തർ പ്രദേശിൽ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ മുസ്ലിമായതിൻ്റെ പേരിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികളുടെ തല്ലുകൊണ്ട വിദ്യാർഥിയെ പഠിപ്പിക്കാൻ കേരളം സജ്ജമാണെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആ കുട്ടിയെ കേരളം സ്വാഗതം ചെയ്യുന്നു. രക്ഷകർത്താക്കൾക്ക് താത്പര്യമുണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താം. ടി സിയോ മറ്റ്‌ രേഖകളോ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശിവൻകുട്ടി ഇന്നലെ കത്തയച്ചിരുന്നു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും വ്യക്തമാക്കി.

കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.