Sun. Nov 22nd, 2026

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജയം എളുപ്പമല്ല എന്നു ബോധ്യപ്പെട്ടതോടെ യു ഡി എഫ് വ്യാപകമായ കള്ളപ്രചാരണം നടത്തുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച യു ഡി എഫ് വിജയം അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. ജനങ്ങള്‍ വൈകാരികമായിട്ടല്ല, രാഷ്ട്രീയമായിട്ടാണു തെരഞ്ഞെടുപ്പിനെ കാണുന്നത്. പ്രതിപക്ഷത്തെയും കേന്ദ്രത്തേയും നേരിട്ടാണ് കേരളത്തില്‍ സര്‍ക്കാര്‍ വികസനം നടത്തുന്നത്. പുതുപ്പള്ളിയില്‍ കേരള സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ പോകുകയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ വികസനമാണ് ചര്‍ച്ച ചെയ്യുക എന്നു പറഞ്ഞു. കേരളത്തിലെ മറ്റ് മണ്ഡലങ്ങളോടൊപ്പം പുതുപ്പള്ളി എന്താണ് വികസിക്കാത്തത് എന്നു പുതുപ്പള്ളിക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.


എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി വന്ന അന്നുതന്നെയാണു കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ എ സി മൊയ്തീനെതിരെ നിരന്തരം വാര്‍ത്തകള്‍ ചമയ്ക്കുകയും സുധാകരനെതിരെ മിണ്ടാതിരിക്കുകയും ചെയ്തു.

തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ യുവതിയെ കൊലപ്പെടുത്തി വീട്ടില്‍ കുഴിച്ചിട്ട സംഭവത്തിലും മാധ്യമങ്ങള്‍ ഇതേ രീതി തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസ്സുകാരനായ കൊലയാളിയെ ഡി വൈ എഫ് ഐക്കാരനാക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. സംഘടിതമായ ആക്രമങ്ങള്‍ക്കു മുമ്പില്‍ പതറാതെ കള്ള പ്രചാരണങ്ങളെ നേരിട്ടാണ് എല്‍ ഡി എഫ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.