കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. സര്‍ക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും പകരം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാണ്. കോതമംഗലത്തെ വീട്ടില്‍ മണ്ണിട്ടതിന് തനിക്ക് മറുപടിയുണ്ട്. വാഹനം വീട്ടിലെത്തിക്കാന്‍ റോഡ് നിര്‍മ്മിക്കാനാണ് പിന്‍ഭാഗത്ത് മണ്ണിട്ടത്. ഇതിന്റെ പേരിലാണ് കുടുംബവീട്ടില്‍ റീ സര്‍വ്വേ നടത്തിയത്.
നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണ് വീണ വിജയന്റേതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 63 ലക്ഷത്തിലധികം നഷ്ടം വന്നെന്നാണ് കണക്ക്. 2015 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വര്‍ഷം വരവ് ഉണ്ടായിരുന്നില്ല. രണ്ടാം വര്‍ഷം 2015-16 ല്‍ 44 ലക്ഷം നഷ്ടം ഉണ്ടായി.
കര്‍ത്തായുടെ ഭാര്യയുടെ പേരിലുള്ള സിഎംആര്‍എല് കമ്പനി വീണയുടെ കമ്പനിക്ക് 25 ലക്ഷം രൂപ നല്‍കി. 2019-20 ല്‍ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 ലക്ഷം കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖ ഉണ്ട്. ലോണ്‍ ആയി വാങ്ങി എന്നാണ് കണക്ക്. വീണയുടെ കമ്പനി 42,48,000 രൂപയാണ് വാങ്ങിയത്. വീണ മാസപ്പടി വാങ്ങിയില്ലാ എന്നാണ് സി പി എം വിശദീകരിക്കുന്നത്. കരാര്‍ സുതാര്യമെന്നാണ് സി പി എം നിലപാട്.സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഎം പറയുന്നത്. 42 ലക്ഷം വാങ്ങിയതിന് ആറ് ലക്ഷം ജിഎസ്ടി നികുതി അടച്ചു. എന്നാല്‍ 1.72 കോടിക്ക് ജിഎസ്ടി നികുതി അടച്ചു എങ്കില്‍ അതിന്റെ രേഖ സിപിഎം പുറത്ത് വിടുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. പൊളിറ്റിക്കല്‍ ഫണ്ടിങ് അല്ല നടന്നത് . 30 കോടി രൂപ ആണ് കേന്ദ്ര സര്‍ക്കാരിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.


