Wed. Nov 25th, 2026

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹെെക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യു ജി സി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും യു ജി സി ഹർജിയിൽ വ്യക്തമാക്കുന്നു. പ്രിയയുടെ നിയമനം ശരിവച്ച കേരള ഹെെക്കോടതി വിധിയാണ് യു ജി സി ചോദ്യം ചെയ്യുന്നത്.


അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നതിന് യു ജി സിയുടെ 2018ലെ റഗുലേഷൻ നിഷ്കർഷിക്കുന്ന അദ്ധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്ന് യു ജി സി നേരത്തെ കേരള ഹെെക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് ഹെെക്കോടതി നിയമനം ശരിവച്ചത്. ഇതോടെ 2018ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യു ജി സി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു ജി സിയുടെ നിലപാട്. പ്രിയ വർഗീസിന് അനുകൂലമായി കേരള ഹെെക്കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും യു ജി സി വാദിക്കുന്നു.

അതേസമയം, യു ജി സി ഹർജി നൽകും മുൻപ് തന്നെ പ്രിയ വർഗീസ് സുപ്രീംകോടതിൽ തടസ ഹർജി സമർപ്പിച്ചിരുന്നു. ഹെെക്കോടതി വിധിക്കെതിരെ എതിർ കക്ഷികൾ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.