കൊച്ചി: വ്യാജവാർത്തകളുടെ പേരിൽ വിവാദമായ ഓൺലൈൻ പോർട്ടൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പോലീസിൻ്റെ റെയ്ഡ്. കൊച്ചി സെൻട്രൽ എ സി പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ആഴ്ചകളായി ഒളിവിൽ കഴിയുന്ന ഷാജനെ പിടികൂടുകയാണ് ലക്ഷ്യം. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പോലീസ് പിടിച്ചെടുത്തു.
ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ട്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിൽ രാവിലെ മുതൽ പോലീസ് പരിശോധന നടക്കുന്നുണ്ട്. മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡുണ്ട്.
തിരുവനന്തപുരത്ത് പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പി വി ശ്രീനിജിൻ എം എൽ എയുടെ പരാതിയിലാണ് പരിശോധന. ഷാജൻ സ്കറിയക്കെതിരെ എസ് സി– എസ് ടി പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇതിൽ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഷാജൻ്റെത് യഥാർഥ മാധ്യമപ്രവർത്തനമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഷാജനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും വിളിപ്പിച്ചിട്ടുണ്ട്.


