Mon. Nov 23rd, 2026

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന്‍ സക്‌റിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

സാധാരണ ഗതിയിൽ മാധ്യമങ്ങൾ ഒരു വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് അഞ്ച് “W” തത്വങ്ങൾ കൊണ്ടാണ്. Who, What, When, Where, Why. ആര്? എന്ത്? എപ്പോൾ?എവിടെ? എന്തിന് ? ഏതൊരു റിപ്പോർട്ടും എഴുതുമ്പോഴോ/പറയുമ്പോഴോ അതിൽ നിർബന്ധമായും ഈ അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടായിരിക്കണം എന്നതാണ് ജേർണലിസത്തിന്റെ പ്രാഥമികതത്വം. എന്നാൽ, മറുനാടൻ മലയാളി തങ്ങളുടെ വാർത്തകളിൽ ഈ അഞ്ച് ‘W’ തത്വത്തിന് പകരം നാല് ‘D’കൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. Defame, Denigrate, Damnify, Destroy. അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക. എന്നതാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിൻറെ വർത്താവതരണ രീതി എന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു.


സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പി വി ശ്രീനജന് വേണ്ടി അ്ഡ്വ.അരുണ്‍കുമാറുമാണ് ഹാജരായത്. എസ് സി – എസ് ടി പീഡന നിരോധന നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാകോടതിയെ സമീപിക്കുകയും കോടതി ജാമ്യം നിഷേധിക്കുകയും തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. അതേ സമയം ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷാജന്‍ സ്‌കറിയ എന്നറിയുന്നു.