Tue. Apr 16th, 2024

കണ്ണൂര്‍: സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, ശാസ്ത്രീയ മികവിനുള്ള ഇന്റേണല്‍ അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ 300ഓളം അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയതായി വി ശിവദാസന്‍ എം പി. അവാര്‍ഡുകള്‍ നല്‍കുന്നത് ‘യുക്ത്യനുസൃതമാക്കാന്‍’ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ 2022 സെപ്തംബര്‍ 16ന് ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ഈ നീക്കം നടന്നത്. വെട്ടിക്കുറയ്ക്കുക എന്നതിന്റെ ഭരണവര്‍ഗ ഭാഷയാണ് ‘റാഷണലൈസ്’ എന്നത്. ശാസ്ത്ര സമൂഹത്തിന്റെ സമ്മതി പോലും തേടാതെ ആഭ്യന്തര വകുപ്പാണ് ഇത്തരം നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

97 സ്വകാര്യ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍, 56 ഇന്റേണല്‍ അവാര്‍ഡുകള്‍, 54 ഫെലോഷിപ്പ്/സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകള്‍ എന്നിവ നിര്‍ത്തലാക്കാനും പകരം ഫെലോഷിപ്പുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായി ഒരു ‘പുതിയ സ്‌കീം’ ആരംഭിക്കാനും ആഭ്യന്തര മന്ത്രാലയം ഡി എസ് ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഡി എസ് ടി) അവാര്‍ഡുകളുടെ എണ്ണം 207 ല്‍ നിന്ന് നാല് ദേശീയ അവാര്‍ഡുകളായി ചുരുക്കി.


ആയിരക്കണക്കിനു ശാസ്ത്രഗവേഷകരുള്ള ഇന്ത്യയില്‍ അവാര്‍ഡുകളുടെയും സ്‌കോളര്‍ഷിപ്പുകളുടെയും എണ്ണം തീരെ കുറവാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴാണ്, ഉള്ളവ തന്നെ ഇല്ലാതാക്കാനും വെട്ടിച്ചുരുക്കാനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദേശീയ തലത്തില്‍ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ശാസ്ത്ര സമൂഹത്തിന് വിനാശകരമാവുന്ന നീക്കമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. ആ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐ എന്‍ എസ് എ) യുവശാസ്ത്രജ്ഞര്‍, ശാസ്ത്ര അധ്യാപകര്‍, അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കായി ഉദ്ദേശിച്ചിരുന്ന 72 അവാര്‍ഡുകള്‍ റദ്ദാക്കിയിരിക്കുകയാണ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (എന്‍ എ എസ് ഐ) 20ലധികം അവാര്‍ഡുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങളിലേക്ക് കടക്കുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ തീരുമാനം. സര്‍വകലാശാലകളിലെ ശാസ്ത്ര ഗവേഷണത്തിനുള്ള ധനസഹായവും പ്രോത്സാഹനവും വര്‍ധിപ്പിക്കണമെന്നു ശാസ്ത്ര സമൂഹവും അക്കാദമിക് വിദഗ്ധരും ആവശ്യപ്പെടുമ്പോഴാണ് ഈ നീക്കം.

വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വേരറുക്കുന്ന വിശ്വമാനവികതയാണ് ആധുനിക സയന്‍സിന്റെയും ഗവേഷണത്തിന്റെയും അടിത്തറ. ആധുനിക ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള ആര്‍ എസ് എസിന്റെ വെറുപ്പാണ് ഈ തീരുമാനത്തിലൂടെ പ്രകടമാകുന്നത്. അക്കാദമിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനും നിര്‍ത്തലാക്കിയ അവാര്‍ഡുകള്‍ പുനഃസ്ഥാപിക്കാനും ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം പി ആവശ്യപ്പെട്ടു.