Fri. Mar 1st, 2024

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അന്‍സില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേസമയം കേസില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച വരെ സമയം തേടിയിരുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതില്‍ അന്‍സിലിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്‍സിലിനെതിരെ കേസെടുത്തത്. അന്‍സിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പരാതി. സര്‍വകലാശാല രജിസ്ട്രാര്‍ അന്വേഷണം നടത്തിയപ്പോള്‍ കേരള സര്‍വകലാശാല അത്തരമൊരു സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് പ്രചരിക്കുന്നതില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ആ പരാതി ഡിജിപി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു.


അതേസമയം വ്യാജ സര്‍ട്ടിഫിറ്റ് നിര്‍മിച്ചിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് അന്‍സില്‍ പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ മാനനഷ്ടത്തിനും അന്‍സില്‍ കേസ് കൊടുത്തിരുന്നു.

തന്റെ പേരില്‍ പ്രചരിക്കുന്നത് ആരോ തട്ടിക്കൂട്ടിയ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നും അന്‍സില്‍ ജലില്‍ പറഞ്ഞു. എസ്എഫ്ഐ നേരിടുന്ന വന്‍ പ്രതിസന്ധി മറികടക്കാന്‍ ആരോ തനിക്കെതിരേ മെനയുന്ന തിരക്കഥയുടെ ഭാഗമാണ് തന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

ആരോപിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് താന്‍ കണ്ടിട്ടു പോലുമില്ലെന്നും വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്‍സില്‍ പറയുന്നു. താന്‍ പഠിച്ചത് ബിഎ ഹിന്ദി ലിറ്ററേച്ചര്‍ ആണ്. പ്രചരിക്കുന്നത് കോമേഴ്‌സ് സര്‍ട്ടിഫിക്കറ്റും. ചിലര്‍ ഗൂഢാലോചനയുടെ ഭാഗമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റാണ് പ്രചരിക്കുന്നതെന്നും അന്‍സില്‍ പറഞ്ഞു.