Wed. Feb 21st, 2024

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമ ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരിച്ച് പ്രിയ വര്‍ഗീസ്. നീതീപീഠത്തില്‍നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ട് എന്ന് ബോധ്യമാക്കുന്ന വിധിയാണിത്. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേന്നുമുതലാണ്. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും വ്യക്തിപരമായി നേരിട്ടത് വേട്ടയെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.


മാധ്യമങ്ങളെയും കോടതി വിമർശിച്ചിരുന്നു. പ്രിയ വർഗീസിൻ്റെ കാര്യത്തിൽ മാധ്യമങ്ങൾ അമിതാവേശം കാണിച്ചുവെന്നും സ്വകാര്യതയെ പോലും മാനിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രിയ വർഗീസിന് മതിയായ അധ്യാപകന പരിചയമില്ലെന്നും എൻ എസ് എസ് കോർഡിനേറ്ററായി പ്രവർത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ നേരത്തേയുള്ള വിധി. അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയ വർഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്‌കറിയ പറഞ്ഞു. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നതാണ് ആശങ്ക. യുജിസി മാനദണ്ഡം അനുസരിച്ച് ഈ വിധി നിലനില്‍ക്കില്ലെന്നും ജോസഫ് സ്‌കറിയ പറഞ്ഞു.