Wed. Feb 21st, 2024

മണ്ണാർക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 24ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.


പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്.

രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തീവ്രവാദിയെ കൊണ്ടുനടക്കുന്നതുപോലെയാണ് മാധ്യമങ്ങൾക്ക് വേണ്ടി വിദ്യയെ പൊലീസ് കൊണ്ടുനടക്കുന്നത്. ഒരുതരത്തിലും വിദ്യ തെറ്റ് ചെയ്തിട്ടില്ല. അക്കാഡമിക് തലത്തിൽ മികച്ച നിലവാരം പുലർത്തിയ വിദ്യയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. മാധ്യമങ്ങൾക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ കാട്ടിക്കൂട്ടലുകൾ. ഇതിന് ഒരു തരത്തിലും കോടതി അംഗീകാരം കൊടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു.