Sun. Feb 25th, 2024

ആലപ്പുഴ: എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസ് ചെയ്ത പ്രവർത്തി ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കോളേജിനെയും സ‌ർവകലാശാലയെയും വഞ്ചിച്ചുവെന്നും കേരള സർവകലാശാല സിൻഡിക്കേറ്റംഗം കെ എച്ച് ബാബുജാൻ. വ്യാജ ഡിഗ്രി വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഡ്‌മിഷൻ നേടുന്നതിന് പിന്നിൽ നടന്ന നിയമവിരുദ്ധമായ നടപടികളുമായി തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും ബാബുജാൻ വ്യക്തമാക്കി.</p>

<p>’പൊതുപ്രവർത്തകൻ എന്ന നിലയിൽ അനേകം പേർ പല ആവശ്യങ്ങളുമായി വരാറുണ്ട്. നിരവധി കുട്ടികളുടെ അഡ്‌മിഷന് വേണ്ടി തന്റെ മുമ്പിൽ വരാറുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ‌്‌മിഷൻ നൽകാൻ വേണ്ടി ശുപാർശ ചെയ്യാറുമുണ്ട്. എന്നാൽ അവയൊന്നും ഓർത്തിരിക്കാൻ സാധിക്കില്ല.സർവകലാശാലയുടെ മാനദണ്ഡം കൂടാതെ കോളേജ് മാനേജ്‌മെന്റുകൾക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. തനിക്കെതിരായുള്ള ആരോപണങ്ങൾ സത്യത്തിന് വിരുദ്ധമാണ്’- ബാബുജാൻ വ്യക്തമാക്കി.


ബി കോം തോറ്റ നിഖിൽ തോമസിന് അതേ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ എം കോം അഡ്മിഷന് ശുപാർശ ചെയ്തത് പാർട്ടി നേതാവാണെന്ന് കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. നിഖിൽ തോമസിന് കായംകുളം എം എസ് എം കോളേജിൽ എം കോം പ്രവേശനത്തിന് ശുപാർശ ചെയ്തത് ബാബുജാൻ ആണെന്നാണ് ആരോപണങ്ങൾ ഉയർന്നത്.

അഡ്മിഷൻ സമയം പിന്നിട്ട ശേഷമാണ് നിഖിൽ തോമസ് എം എസ് എം കോളേജിലെത്തിയത്. സമയം കഴിഞ്ഞതിനാൽ പ്രവേശനം സാദ്ധ്യമല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതിന് പിന്നാലെ, സർവകലാശാല പ്രവേശന തീയതി നീട്ടി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിഖിൽ തോമസ് പ്രവേശനം നേടിയത്. കലിംഗ സർവകലാശാലയിലേതെന്ന പേരിൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റിന് കേരള സർവ്വകലാശാലയിൽ നിന്ന് യോഗ്യത ലഭ്യമാക്കിയതിന് പിന്നിലും ബാബുജാന്റെ ഇടപെടലാണെന്നാണ് ആരോപണം ഉയർന്നത്.