Fri. Mar 1st, 2024

മലപ്പുറം: ഉദ്‌ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് തൊപ്പി എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർക്കെതിരെ പൊലീസ് കേസ്. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദ പ്രയോഗം നടത്തി എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൊപ്പി ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


വളാഞ്ചേരി പെെങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്‌ഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി,​ ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

കട ഉദ്ഘാടനം ചെയ്യാൻ എത്തിയ യൂട്യൂബറുടെ പാട്ട് അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. ഈ മാസം 17നായിരുന്നു വിവാദമായ പരിപാടി. ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് ലക്ഷകണക്കിന് സബ്‌സ്‌ക്രെെബ‌ർമാരാണ് തൊപ്പിയ്ക്ക് ഉള്ളത്. ഇയാൾ കണ്ണൂർ സ്വദേശിയാണ്.