Tue. Apr 16th, 2024

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. പ്രിയ വർഗീസിന്റെ നിയമന ശിപാർശ ഹെെക്കോടതി അംഗീകരിച്ചു.

മാധ്യമങ്ങളെയും കോടതി വിമർശിച്ചു. പ്രിയ വർഗീസിൻ്റെ കാര്യത്തിൽ മാധ്യമങ്ങൾ അമിതാവേശം കാണിച്ചുവെന്നും സ്വകാര്യതയെ പോലും മാനിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രിയ വർഗീസിന് മതിയായ അധ്യാപകന പരിചയമില്ലെന്നും എൻ എസ് എസ് കോർഡിനേറ്ററായി പ്രവർത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ നേരത്തേയുള്ള വിധി. അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയ വർഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.


യു ജി സിയുടെ നിബന്ധനകൾക്ക് അപ്പുറം പോകാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്ന് വ്യക്തമാക്കിയിരുന്നു. യു ജി സി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അധ്യാപന പരിചയമാണ്. പ്രിയ വർഗീസിന് വേണ്ടത്ര അധ്യാപക പരിചയമില്ല. അസി. പ്രൊഫസർ തസ്തികയിൽ അവർ വേണ്ടത്ര കാലം പ്രവർത്തിച്ചിട്ടില്ല. എൻ എസ് എസ് കോർഡിനേറ്റർ സ്റ്റുഡൻറ്റ് കോർഡിനേറ്റർ എന്നിവ അധ്യാപക പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലം പൂർണമായും ഗവേഷണത്തിനായി ചെലവഴിച്ചതിനാൽ അതും അധ്യപക യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്നും അന്ന് സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയയെന്നായിരുന്നു പരാതി. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റിയെന്നും പ്രിയയ്ക്ക് അഭിമുഖത്തിൽ 32 മാർക്കും ജോസഫിന് 30 മാർക്കുമാണ് നൽകിയതെന്നും പരാതിയിലുണ്ടായിരുന്നു. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. സി പി എം നേതാവ് കെ കെ രാഗേഷിൻ്റെ ഭാര്യയാണ് പ്രിയ വർഗീസ്.