Sat. Nov 21st, 2026

ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക വാര്‍ത്താ പ്രസാധകര്‍ക്ക് പിന്തുണ നല്‍കാനായി ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ചു. ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം എന്നത് പ്രസാധകരുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാനും സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ്. പരിശീലനം, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ഫണ്ടിങ് എന്നിവയാണ് ഇതിലൂടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക.


ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി എന്നീ ഒമ്പത് ഭാഷകളിലായാണ് തുടക്കത്തില്‍ ഗൂഗിള്‍ ലാംഗ്വേജ് പ്രോഗ്രാമിന്റെ പിന്തുണ ഉണ്ടാകുക. പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ പ്രവര്‍ത്തനം ഗൂഗിള്‍ ആദ്യം വിലയിരുത്തും. ഇതിനുശേഷമാകും കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുക.

ഒരു വര്‍ഷം ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 50 ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന പ്രസാധകര്‍ വെര്‍ച്വല്‍ വര്‍ക്ക്ഷോപ്പുകളുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ജൂണ്‍ 30 വരെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഗൂഗിളിന്റെ പ്രൊജക്ട് ടീമും പുറത്തുനിന്നുള്ള ഉപദേശകരുമാണ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ പരിശോധിക്കുക.