Tue. Nov 24th, 2026

തിരുവനന്തപുരം: എസ് എഫ് ഐക്കെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഴുതാത്ത പരീക്ഷ ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ടത് സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം വിശ്വസിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


എസ്എഫ്ഐയെക്കെതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു. അതുകൊണ്ട് എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണം. സാങ്കേതിക പിഴവാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്. എസ്എഫ്ഐയെ കുറ്റപ്പെടുത്തി കൊണ്ട് വാര്‍ത്തകള്‍ ചമക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരീക്ഷ എഴുതാതെ ജയിക്കുന്നത് അത്ഭുതകരമായ സംഭവമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ഒരു സഖാവിന്റെ നേരെ ഇത്തരം തികച്ചും അസംബന്ധമായ ഒരു ആരോപണം ഉന്നയിച്ച് അത് മുഴുവന്‍ വാര്‍ത്തയാക്കിയത് തെറ്റായ സമീപനമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.