Wed. Nov 25th, 2026

തനിയ്ക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25ലക്ഷം രൂപ പിഴയടച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്നും’- പൃഥ്വിരാജ് പറഞ്ഞു.


പോസ്റ്റിന്റെ പൂർണരൂപം:

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാദ്ധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാദ്ധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.