കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ 156ാം സാക്ഷി സി. വിജയകുമാർ കൂറുമാറി. അഭിഭാഷകനായ വിജയകുമാർ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമാണ്. റോയ് തോമസ് വധക്കേസിലെ സാക്ഷിയായ വിജയകുമാർ അസൽ വിൽപത്രം ജോളി തന്നെ കാണിച്ചിരുന്നതായാണ് നേരത്തെ മൊഴി നൽകിയിരുന്നത്.
കേസിൽ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. 155ാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശിയായ സി.പി.എം പ്രാദേശിക നേതാവ് പ്രവീൺ കുമാറാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. കേസിലെ ഒന്നാംപ്രതി ജോളിക്കും നാലാംപ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.

