Sat. Nov 21st, 2026

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുകൂല നിലപാടില്ലാത്തതിനെ തുടര്‍ന്ന് യുഎഇ സന്ദര്‍ശനം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതിലെ അതൃപ്തിയാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്.


യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനും വ്യവസായ മന്ത്രി പി രാജീവിനും ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ടു പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിലും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.