Mon. Nov 23rd, 2026

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 68 കാരനിൽ നിന്ന് പണം തട്ടിയ കേസിൽ അഞ്ചൽ സ്വദേശി അശ്വതി അച്ചു അറസ്റ്റിൽ. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു. പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെടുത്ത കേസിലാണ് പൂവാർ പൊലീസ് അശ്വതിയെ അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ പൊലീസ് അശ്വതി അച്ചുവിനെ നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. .എന്നാൽ പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ വിട്ടയയ്ക്കുക ആയിരുന്നു. എന്നാൽ പണം നൽകാമെന്ന് പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ അശ്വതി അച്ചു അറസ്റ്റിലാകുന്നത് ആദ്യമാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന് നേരത്തെ അശ്വതി അച്ചുവിനെതിരെ ആരോപണം ഉയർന്നിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ പരാതിയുമായി മുന്നോട്ടുവന്നെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ തുടർനടപടികൾ ഉണ്ടായില്ല.