Sun. Jul 26th, 2026

തൊടുപുഴ: പ്രണയം നടിച്ച് അന്യസംസ്ഥാന തൊഴിലാളി 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവർക്ക് ബംഗാളിലേയ്ക്ക് പോകാൻ സഹായം നൽകിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ബംഗാളിലേയ്ക്ക് കടത്തിയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡോംകാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്ഖിനെ (23) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.


ഈ മാസം 23നാണ് വെങ്ങല്ലൂരുനിന്നും പെൺകുട്ടിയെ കാണാതായത്. ചെറിയ പരിചയം മുതലാക്കി കുട്ടിയെ പ്രലോഭിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് പ്രതിയുടെ വീട്. ഇയാളുടെ സഹോദരിക്ക് ബംഗ്ലാദേശിൽ സ്വന്തമായി വീടുമുണ്ട്. കുട്ടിയെ അവിടേക്ക് കടത്താനുള്ള നീക്കമുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു.

കുട്ടിയെ കാണാതായ ദിവസംതന്നെയാണ് സുഹൈലിനെയും കാണാതായത്. ഇയാളുടെ അവിടുത്തെ വിലാസം കണ്ടെത്തിയാണ് ഡോംകാൽ പൊലീസുമായി ബന്ധപ്പെടുന്നത്. പെൺകുട്ടിയെ പ്രതിയുടെ ബന്ധുവീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഡോംകാൽ പൊലീസിന്റെ നിർദേശപ്രകാരം തൊടുപുഴ പൊലീസ് സ്ഥലത്തെത്തി സുഹൈലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊൽക്കത്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതി രാത്രി തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയും കൊൽക്കത്തയിൽ നടത്തി.