✍️ ലിബി. സി.എസ്
1917 ഏപ്രിൽ 29 ന് ആയിരുന്നു കൊച്ചിയിൽ കെ. അയ്യപ്പൻ ബി.എ. ബി.എൽ സഹോദര സംഘത്തിന് രൂപം നൽകിയത്. മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവ സഹോദര സംഘത്തിൻറെ പ്രവർത്തന പരിപാടികളായിരുന്നു.
ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ചെറായിയിൽ കേരളം രുചിച്ച സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.
മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി, സദ്യക്കല്ല. ”ജാതി ശാസ്ത്രത്തിനും യുക്തിക്കും മനുഷ്യത്വത്തിനും എതിരാണെന്നും അതിനാൽ അതില്ലാതാക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.
അത് സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയനയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു. അയ്യപ്പന്റെ സുഹൃത്തായ കെ.കെ. അച്യുതൻ മാസ്റ്റർക്ക് പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധഃകൃത വിദ്യാർത്ഥികളും ആ പന്തിഭോജനത്തിൽ പങ്കെടുത്തു. സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികൾക്കൊപ്പം അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു.
‘ജാതി നാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച ഈ സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘം ആയി മാറിയത്.
ഇന്ന് 106 വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ നിരാകരിക്കുന്ന പുനരുത്ഥാനശക്തികള്‍ മധ്യകാല ബ്രാഹ്മണമൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
ശുദ്ധാശുദ്ധങ്ങളുടേതായ ജാതി ജന്മിത്വത്തിന്റെ ധര്‍മശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കേരളീയ നവോത്ഥാനത്തിന്റെ നായകര്‍ പുതിയ മനുഷ്യനെയും പുതിയ സമൂഹത്തെയും കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുളപ്പിച്ചത്. ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനോന്മുഖവുമായ ഗതിക്ക് തടസ്സം നിന്ന ചാതുര്‍വര്‍ണ്യാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളെയും ബ്രഹ്മസ്വം ദേവസ്വം സ്വത്തുടമസ്ഥതയും ചോദ്യം ചെയ്യുന്ന ജനകീയ ഉണര്‍വുകളായാണ് നവോത്ഥാന യത്‌നങ്ങള്‍ വളര്‍ന്നുവന്നത്.