Tue. Nov 24th, 2026

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ മകന്റെ മർദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി അഭിലാഷിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മാതാപിതാക്കളെ മർദിച്ച മകനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പിതാവ് മരിച്ചതിനെ തുടർന്ന് വകുപ്പുകൾ ചേർക്കാതെ അസ്വാഭാവിക മരണത്തിന് മറ്റൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടിയാണ് വിവാദമായത്. ഇത് പ്രതിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.


സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്തെത്തിയിരുന്നു. തിരുവമ്പാടി സ്വദേശി ആനടിയിൽ സൈതലവി നൽകിയ പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെയാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിതാവിന്റെ മരണശേഷം മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് സന്നദ്ധ സംഘടന ഏറ്റെടുക്കുകയാണുണ്ടായത്.