തിരുവനന്തപുരം: മയക്കുവെടിയേറ്റ് കിണറിൽ മുങ്ങിപ്പോയ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ വീണ കരടിയെയാണ് പുറത്തെത്തിച്ചത്. കരടിയെ പരിശോധനക്ക് വേണ്ടി വനം വകുപ്പ് കൊണ്ടുപോയി. വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. ഒന്നര മണിക്കൂർ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് കരടിയെ പുറത്തെടുക്കാനായത്.
മയക്കുവെടിയേറ്റ കരടി അല്പസമയത്തിനകം വെള്ളത്തിൽ മുങ്ങിപ്പോയി. വനം വകുപ്പ് വിരിച്ച വലയുടെ വശങ്ങളിലൂടെയാണ് കരടി വെള്ളത്തിൽ വീണത്. ഒരു മണിക്കൂറിലധികമായി കരടി വെള്ളത്തിൻ്റെ അടിയിലായിരുന്നു. അർധ രാത്രിയോടെ കിണറിൽ വീണ കരടി കിണറിൻ്റെ വശങ്ങളിൽ പിടിച്ച് നിൽക്കുകയായിരുന്നു. ദീർഘ നേരം ഇങ്ങനെ ഇരുന്നതിനാൽ കരടിക്ക് നല്ല ആരോഗ്യമുണ്ടെന്ന നിഗമനത്തിലായിരുന്നു മയക്കുവെടി വെക്കുന്നതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം മൃഗശാലയിലെ ഡോ. ജേക്കബ് അലക്സാണ്ടർ ആണ് കരടിയെ മയക്കുവെടി വെച്ചത്. രണ്ട് തവണ വെടിവെച്ചു.
വെള്ളത്തിൽ മുങ്ങിയ കരടിയെ രക്ഷിക്കാൻ വനംവകുപ്പ് ജീവനക്കാർ കിണറിൽ ഇറങ്ങി ശ്രമിച്ചെങ്കിലും ഓക്സിജൻ ലഭ്യതക്കുറവും കരടിയുടെ ഉണർന്നാൽ ആക്രമണ സാധ്യതയും മുന്നിൽകണ്ട് ഇവർ കരക്ക് കയറി. തുടർന്ന് വെള്ളം വറ്റിച്ച് രക്ഷിക്കാൻ ശ്രമിച്ചു. ഒടുവിൽ അഗ്നിശമന സേനാംഗങ്ങൾ ഇറങ്ങി കരടിയെ വലയിലാക്കുകയായിരുന്നു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്.
ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കൂട് പൊളിച്ച് കരടി പിടിച്ചു. ബഹളം കേട്ട് ആളുകൾ എഴുന്നേൽക്കുകയും ഈ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീഴുകയുമായിരുന്നു. കിണറിന് മുകളിൽ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പതിച്ചത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. വന്യമൃഗങ്ങളിൽ ഏറെ അപകടകാരി കൂടിയാണ് കരടി.


