കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ മുഹമ്മദ് ഷാഫിയുടെ (38) വീഡിയോ പുറത്ത്. സൗദിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ആരാണ് തട്ടിക്കൊണ്ടുവന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയിൽ പറയുന്നില്ല.
‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’ എന്നാണ് ഷാഫി പറഞ്ഞത്.
തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്നാണ് പൊലീസ് നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ ഏഴാം തീയതിയാണ് രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയെയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിടുകയായിരുന്നു. സംഭവം നടന്ന ആറുദിവസത്തോളം കഴിഞ്ഞിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു.


