Mon. Nov 23rd, 2026

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 22ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ മണലൂർ സ്വദേശികളായ ചലിപ്പാട്ട് വീട് ശ്രീജിത്ത് (22), കണ്ടകത്തുവീട് അൽകേഷ് (22) എന്നിവരാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.


വിഷുവിനോടനുബന്ധിച്ച് സുഹൃത്തുക്കൾക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് ഇവർ ലഹരി എത്തിച്ചതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിൻ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പ് ബംഗളൂരുവിൽ ജോലിക്കായി പോയതാണ് ഇരുവരും. വിഷു അവധിക്ക് നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.