Mon. Nov 23rd, 2026

തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരിൽ നിന്നും കളക്ഷൻ തുകയായ രണ്ടര ലക്ഷം ലക്ഷം രൂപ കവർന്ന കേസിൽ ഇൻസ്റ്റഗ്രാം താരവും കൂട്ടാളിയും പിടിയിൽ. വെള്ളല്ലൂർ സ്വദേശികളായ ജിത്തു(22), മീശക്കാരൻ വിനീത് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന വിനീത്(26) എന്നിവരെയാണ് മഗലപുരം പൊലീസ് പിടികൂടിയത്. വിനീതിനെതിരെ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലും ഇയാൾ നേരത്തെ പിടിയിലായിരുന്നു.


കഴിഞ്ഞ മാസം 23-ന് കണിയാപുരത്ത് വെച്ചാണ് മോഷണം നടന്നത്. നിഫി ഫ്യുവൽസ് മാനേജർ ബാങ്കിൽ അടയ്ക്കാനുള്ള തുകയുമായി പള്ളിപ്പുറം ശാഖയിലെത്തവേ ആയിരുന്നു പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷ്ടിച്ച ഇരുചക്ര വാഹനത്തിലെത്തിയ വിനീതും കൂട്ടാളിയും പട്ടാപ്പകൽ പണവും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നമ്പർ പ്ളേറ്റ് ഇളക്കി മാറ്റിയ നിലയിൽ പൊലീസ് പിന്നീട് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ശേഷം ജില്ല വിട്ട ഇവർ പല സ്ഥലങ്ങളിലെ ലോഡ്ജുകളിൽ താമസിച്ച് വരികയായിരുന്നു. തൃശ്ശൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

അതേസമയം കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോർട്ട് പൊലീസ് വിനീതിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിൽ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാനുള്ള ടിപ്പ്സ് പറഞ്ഞു തരാം എന്ന് പറഞ്ഞ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പ്രതി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇയാളുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പക‌ർത്തി ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയും വിനീതിനെതിരെ പരാതി നൽകിയിരുന്നു.