കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാനായി 11 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതിയെ മാലൂര്‍കുന്നിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റും. ഇവിടെ വെച്ചാകും പോലീസ് വിശദമായി ചോദ്യം ചെയ്യുക .ട്രെയിന്‍ തീവെപ്പിനിടെ ട്രാക്കില്‍ വീണുമരിച്ച മൂന്നുപേരുടെ മരണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിക്കെതിരെ യു എ പി എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഷാറൂഖ് സൈഫിയെ കോടതിയിലെത്തിച്ചത്. വ്യാഴാഴ്ച വൈദ്യപരിശോധനക്ക് ശേഷം ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. ശരീരത്തിലേറ്റ പൊള്ളലുകള്‍ക്കും പരിക്കിനും പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്.


