കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ചിറക്കൽ പെരുങ്കളിയാട്ടത്തിൽ വിദ്യാർത്ഥി തെയ്യം അവതരിപ്പിച്ചതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പതിനാലു വയസുകാരൻ അഗ്നിക്കോലം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നിർദേശം നൽകുകയായിരുന്നു.
കണ്ണൂർ ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിൽ 45വർഷത്തിന് ശേഷമാണ് കളിയാട്ടത്തിന്റെ ഭാഗമായി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. തെങ്ങോലയുടെയും വാഴപ്പോളയുടെയും കവചം മാത്രമാണ് പൊള്ളലേൽക്കാതിരിക്കാൻ തെയ്യക്കോലം കെട്ടിയ 14-കാരൻ ധരിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചത്.


