✍️ സച്ചിദാനന്ദസ്വാമി (പ്രസിഡന്‍റ്, ശിവഗിരി മഠം)
വൈക്കം സത്യഗ്രഹം ഒരു പുനര്‍ വായന എന്ന പേരില്‍ ഡോ. സി. ഐ. ഐസക്ക് മാര്‍ച്ച് 27 ന് ജന്‍മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ഗുരുദേവനെ പരാമര്‍ശിച്ചുകൊണ്ടുള്ള ഭാഗത്തില്‍ ശിവഗിരി മഠം ശക്തമായ പ്രതിഷേധം ജന്‍മഭൂമിയെ അറിയിക്കുന്നു.
വൈക്കം സത്യാഗ്രഹത്തിന്‍റെ പുനര്‍വായനയില്‍ ശ്രീനാരായണഗുരുവിന് സത്യാഗ്രഹവുമായുള്ള ബന്ധമല്ലേ പറയേണ്ടത്. അത് പറയുന്നില്ലെന്നു മാത്രമല്ല ഗുരുദേവനെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചട്ടമ്പിസ്വാമികളുടെ രംഗപ്രവേശത്തോടു കൂടിയാണ് കേരളം ഒരു പുതിയ സംന്യാസി പരമ്പരയുടെ പിറവിക്കു സാക്ഷ്യം വഹിച്ചതെന്നും നവീകരണ പ്രസ്ഥാനം ഉണ്ടായതെന്നുമാണ് ഡോ. ഐസക്കിന്‍റെ കണ്ടുപിടുത്തം.
കേരളത്തില്‍ ചട്ടമ്പിസ്വാമികള്‍ ചെയ്ത അയിത്തോച്ഛാടനവും സാമൂഹ്യ പ്രവര്‍ത്തനവും വാചാലമായി വ്യാപിച്ചു കിടക്കുന്നതാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും അറിയുകയും ചെയ്യാം. അത് ചട്ടമ്പിസ്വാമികള്‍ ഒരു സാമൂഹ്യ പരിഷ്ക്കര്‍ത്താവോ വിപ്ലവകാരിയോ ആയിരുന്നില്ല എന്നതാണ് മറിച്ച് സ്വാമികള്‍ കര്‍മ്മവിരാഗിയും ബ്രഹ്മവിത്വരനുമായ ഒരു ജ്ഞാനിയായിരുന്നു എന്നാണ്…
ചട്ടമ്പിസ്വാമികളുടെ മുഴുവന്‍ പേര് ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്. പ്രധാന ശിഷ്യന്മാര്‍ രണ്ടു പേര്‍ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമിയും തീര്‍ത്ഥപാദ പരമഹംസ സ്വാമിയും ആണ്. ഐസക്കും അതുപോലെ മറ്റു ചിലരും പറയുന്നതുപോലെ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമിയുടെ ശിഷ്യനായിരുന്നെങ്കില്‍ നാമം നാരായണഗുരു തീര്‍ത്ഥ പാദന്‍ എന്നായിരിക്കും. പേരിനോട് ചേര്‍ന്ന തീര്‍ത്ഥ എന്ന നാമം ഉണ്ടായിരിക്കും. അതില്ല ആത്മീയ സംമ്പ്രദായത്തിലെ ഈ പ്രാഥമിക കാര്യം മാത്രം മതിയാകും ഗുരു ചട്ടമ്പിസ്വാമി ശിഷ്യനല്ല എന്നത്.
ചട്ടമ്പിസ്വാമിയുടേത് ശ്രീ ശങ്കരന്‍ സ്ഥാപിച്ച ദശനാമി സമുദായത്തിലെ തീര്‍ത്ഥ പരമ്പരയാണ്. എല്ലാവരും പേരിനൊപ്പം തീര്‍ത്ഥ എന്നുകൂടി ചേര്‍ക്കും. ചട്ടമ്പിസ്വാമികളുടെ ശിഷ്യപരമ്പര ഇന്നും ഈ പാരമ്പര്യം പിന്‍തുടരുന്നുണ്ട്. ശിവഗിരി മഠത്തിലെ ഗുരുദേവ ശിഷ്യപരമ്പര തികച്ചും സ്വതന്ത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. ശിവലിംഗദാസും സത്യവ്രതനും ഗുരുപ്രസാദും ചൈതന്യനും നരസിംഹവും ധര്‍മ്മതീര്‍ത്ഥരും ആത്മാനന്ദയും ഏണസ്റ്റ് കര്‍ക്കും (ദീക്ഷയായി ഗുരു നല്‍കിയത് ടൈയും പാന്‍റും കോട്ടും), നടരാജഗുരുവും സുഗുണാനന്ദ ഗിരിയും ബാവാ ഭാരതിയും ഭൗമാശ്രവും ശിവപ്രസാദും രാമാനന്ദ സ്വാമിയും ഗുരുദേവ ശിഷ്യന്‍മാരാണ്.(ദശനാമിയില്‍ ചിലത് അംഗീകരിച്ച് അതിനെ അതിവര്‍ത്തിക്കുകയും ചെയ്തു) അതുകൊണ്ട് ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണ് ഗുരുവെന്ന് പറയുവാന്‍ സാധിക്കില്ല. സംന്യാസ ശിഷ്യന്മാരുടെ പേരുകളും തികച്ചും വ്യത്യസ്ഥമായിരുന്നു.
ലേഖനത്തില്‍ പറയുന്നതുപോലെ ചട്ടമ്പിസ്വാമി ഗുരുവിന് മന്ത്രോപദേശവും ദീക്ഷയും നല്കിയിട്ടില്ല. തൈക്കാട്ട് അയ്യാസ്വാമിയാണ് ദീക്ഷാമന്ത്രം നല്കിയതെന്ന് അയ്യാസ്വാമിയുടെ ജീവചരിത്രത്തില്‍ കാണാം. ചട്ടമ്പിസ്വാമികള്‍ ഇരുന്ന പാറപ്പുറത്താണ് ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയതെന്നും പ്രതിഷ്ഠ പ്രേരണ നല്കിയത് ചട്ടമ്പിസ്വാമിയാണന്നും എഴുതാന്‍ ഐസക്കിന് ലജ്ജയില്ലേ. ചരിത്രവുമായി അതിന് എന്തുബന്ധം. ഇന്ന് ഗുരുദേവനെ നിന്ദിക്കുന്ന പലരും ഇതു പറയുന്നുണ്ട്. സത്യവുമായി ഇതിന് പുലബന്ധം പോലുമില്ല.
ഗുരുദേവന് ശിവപ്രതിഷ്ഠ നടത്താന്‍ ഒരാളുടേയും ഉപദേശം വേണ്ടി വന്നിട്ടില്ല. മാത്രമല്ല ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠക്ക് ചട്ടമ്പിസ്വാമികള്‍ എതിരായിരുന്നുവെന്ന് ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തില്‍ ഗൃഹസ്ത ശിഷ്യന്‍ പറവൂര്‍ ഗോപാലപിള്ള 1112 ല്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നുമുണ്ട്. ഈ ഗ്രന്ഥത്തില്‍ പലരും സ്മരണകള്‍ എഴുതിയിട്ടുണ്ട് ഈ സ്മരണകളില്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണ് ഗുരുദേവനെന്ന് സ്ഥാപിക്കുവാന്‍ ശ്രമവും നടന്നിട്ടുണ്ട്. ഈ സ്മരണകളൊന്നും തങ്ങള്‍ എഴുതിയതല്ലായെന്ന് കാണിച്ച് അവര്‍ എഴുതിയ കത്തുകള്‍ ശിവഗിരി മഠം ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ഈ സ്മരണകളിലൊന്നില്‍ കരുവാ കൃഷ്ണനാശാന്‍റെ പേരില്‍ വന്ന കുറിപ്പില്‍ ഗുരുദേവന്‍റെ ക്ഷേത്രപ്രതിഷ്ഠാദികളെ പരാമര്‍ശിക്കുന്നുണ്ട്. രസകരമായ കാര്യം ഗുരുദേവ ശിഷ്യനായ കരുവാ കൃഷ്ണനാശാന്‍ 1111-ല്‍ മരിച്ചുപോയി അദ്ദേഹം 1112 ല്‍ ലേഖനമെഴുതിയത്രേ. അതിലാണ് ഗുരുവും ചട്ടമ്പിയും പാറയിലിരുന്നു എന്നെഴുതിയിരിക്കുന്നത്.
ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിക്കുവാന്‍ ഐസക് ജന്‍മഭൂമി തന്നെ തെരഞ്ഞെടുത്തതില്‍ ദുഷ്ടലാക്കുണ്ടായിരിക്കും. ഗുരുദേവനേയും പ്രസ്ഥാനത്തേയും ആക്ഷേപിക്കുന്ന ഇത്തരം പുനര്‍വായനകള്‍ സനാതന ധര്‍മ്മത്തിനും സദ്ചിന്തകള്‍ക്കും അവമതി ഉണ്ടാക്കാനേ സഹായിക്കൂ എന്ന സത്യം ജന്മഭൂമിയും മനസ്സിലാക്കുന്നത് നന്ന്.
ഗുരുദേവന്‍ ഒരിക്കല്‍ റിക്ഷാവണ്ടിയില്‍ വൈക്കത്തുകൂടി എഴുന്നള്ളിയപ്പോള്‍ ‘ഇവിടം മുതല്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഒരു ബ്രാഹ്മണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഗുരുവിനും വിലക്ക് വന്നുവോ’. എന്നു ഗര്‍ജ്ജിച്ചുകൊണ്ട് ടി കെ. മാധവന്‍ രംഗപ്രവേശനം ചെയ്തു. മഹാത്മമാഗാന്ധിയേയും, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, കുറൂര്‍ നമ്പൂതിരിപ്പാട് തുടങ്ങിയ നേതാക്കളേയും പങ്കാളികളാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി ടി.കെ. മാധവന്‍ സംഘടിപ്പിച്ച സഹന സമരമാണ് വൈക്കം സത്യാഗ്രഹം. സത്യാഗ്രഹികള്‍ താമസിച്ചത് ഗുരുവിന്‍റെ ആശ്രമത്തില്‍ ചര്‍ച്ച നടന്നതും ആശ്രമത്തില്‍ വെച്ച്, സത്യാഗ്രത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ ജനതയും ഗുരുദേവ ശിഷ്യര്‍. ഇതേകുറിച്ച് ഒരു സൂചനപോലും പുനര്‍വായനയില്‍ ഐസക്ക് നല്കുന്നില്ല. അദ്ദേഹത്തെപ്പോലെ ഉന്നത ശീര്‍ഷനായ ഒരാള്‍ക്ക് ഈ സ്കലിതം സംഭവിക്കാന്‍ പാടില്ല. സത്യത്തിന്‍റെ മഹിതശബ്ദം ഉയര്‍ത്തേണ്ടതിന് പകരം വിഭാഗീയതയുടെ അലകള്‍ ഉയരാന്‍ പാടില്ല. സത്യത്തെ അന്യഥാകരിക്കരുത് ശ്രീനാരായണ ഗുരുവിന്‍റെ സംന്യസ്ത സങ്കല്‍പ്പത്തെക്കുറിച്ച് ഗുരുവിന്‍റെ ശിഷ്യപരമ്പരയെ ശരിയായി പഠിച്ചുകൊണ്ടേ പ്രസ്താവനകള്‍ ഇറക്കാവു.


