✍️ ലിബി. സി എസ്
ജന്മദിനത്തിലോ മരണദിനത്തിലോ നമ്മൾ ആചാരപരമായി മഹാനായിരുന്നു എന്നാവർത്തിക്കുന്ന… അല്ലെങ്കിൽ നവോത്ഥാനനായകരെ പ്രതിപാദിക്കുമ്പോൾ കൃത്യമായി ജാതിസന്തുലിതാവസ്ഥ പാലിക്കാൻ ഓഡർ തെറ്റാതെ ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യങ്കാളി എന്ന് പ്രയോഗിക്കുന്നതിലെ ഈ ഒന്നാമൻ വാസ്തവത്തിൽ എന്തായിരുന്നു?
അദ്ദേഹം തീർച്ചയായും നവകേരളത്തിനും സംഘപരിവാറിനും അനുയോജ്യനായ വ്യക്തിയും രാജാറാം മോഹൻറോയിയെ പോലെ ഒരു മതപരിഷ്കരണ വാദിയുമൊക്കെയായിരുന്നു എന്ന് കാണാവുന്നതാണ്. അതുകൊണ്ട് നവകേരളത്തിന് ഒന്നാംസ്ഥാത്ത് പ്രതിഷ്ഠിക്കാവുന്ന നായകനും അദ്ദേഹം തന്നെയാണ്. രണ്ടാം സ്ഥാനത്ത് വേണമെങ്കിൽ മന്നത്തിനെയും ഉൾപ്പെടുത്താവുന്നതാണ്.
ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്‌ഠ നടത്തിയത് ചട്ടമ്പി സ്വാമി പറഞ്ഞിട്ടാണെന്ന് വരെ ജന്മഭൂമി ലേഖനമെഴുതിയിരുന്നല്ലോ? ജന്മഭൂമി പത്രം നടത്തിക്കൊണ്ടിരിക്കുന്ന ലിറ്ററൽ കില്ലിങ്ങിനെതിരെ ശിവഗിരി മഠവും എസ്എൻഡിപി യോഗവും അന്ന് രംഗത്ത് വന്നിരുന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു കൃത്യമായ പ്ലാനിങ്ങോടെ പുതിയ നവോത്ഥാന ചരിത്ര നിർമ്മിതിക്കുള്ള ശ്രമമാണവർ നടത്തിയത്. ജന്മഭൂമി പത്രവും ചില സംഘി മാധ്യമങ്ങളും. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരുവെന്ന പഴയ സവർണ്ണ പല്ലവി വീണ്ടും പൊടിതട്ടി എടുത്ത് പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തെ രൂക്ഷമായി വിമർശിച്ച് ശ്രീനാരയണ ധർമ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിതാനന്ദയും രംഗത്തുവന്നിരുന്നു.
ആർഎസ് എസ് സഹയാത്രികനായ ചരിത്രകാരൻ ഡോ. സി.ഐ ഐസക്ക് ആണ് ലേഖകൻ. മാര്‍ച്ച് 27 ന് വൈക്കം ‘സത്യാഗ്രഹം – പുനർവായന’ എന്ന തലക്കെട്ടിൽ ചരിത്രവിരുദ്ധമായ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ എസ്‌എൻഡിപി യോഗവും രംഗത്ത് വന്നിരുന്നു. ലേഖനത്തിൽ ഡോ. സി.ഐ. ഐസക്ക് നടത്തുന്ന പരാമർശങ്ങളെല്ലാം തന്നെ വാസ്തവ വിരുദ്ധമായവയും മുൻപ് ചില സവർണ്ണ എഴുത്തുകാർ ഉന്നയിച്ചു ചീറ്റിപ്പോയിട്ടുള്ള വാദങ്ങൾതന്നെയാണ്. ചട്ടമ്പി സ്വാമികൾ നിർദ്ദേശിച്ചിട്ടാണ് ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്‌ഠ നടത്തിയതെന്നും ജന്മഭൂമി ലേഖനം അവകാശപ്പെടുന്നു. എന്നാൽ നാരായണഗുരു പ്രതിഷ്ഠനടത്തിയത് ആരുടേയും നിർദ്ദേശപ്രകാരമല്ല എന്നുമാത്രമല്ല ചട്ടമ്പി സ്വാമികൾക്ക് അരുവിപ്പുറം പ്രതിഷ്ഠയോട് എതിർപ്പായിരുന്നു. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്ന പറവൂർ ഗോപാലൻ പിള്ള എഴുതിയ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രത്തിൽ ഇതിന് തെളിവുമുണ്ട്. ചട്ടമ്പി സ്വാമികൾക്ക് അരുവിപ്പുറം പ്രതിഷ്ഠയോട് എതിരഭിപ്രായം ആയിരുന്നു എന്നുതന്നെയാണ് ജീവവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ തൈക്കാട്ട് അയ്യാവിൽ നിന്ന് ശ്രീനാരായണഗുരു യോഗവിദ്യ അഭ്യസിച്ചു എന്നും അതുവഴി രണ്ടുപേരും സഹപാഠികളും ആയിരുന്നു എന്ന് പറയപ്പെടുന്നത് വാസ്തവ വിരുദ്ധമാണ് എന്നും, ചട്ടമ്പിസ്വാമി ഏഴുവർഷത്തെ യോഗ പഠനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഗുരുവിനെ കണ്ടുമുട്ടുന്നത് എന്നും, തൈക്കാട്ട് അയ്യാവിന്റെ സങ്കേതത്തിൽ നിന്ന് ചട്ടമ്പിസ്വാമികൾക്ക് പുറത്തു കടക്കുന്നതിനു വേണ്ടിയാണ് ഗുരുവിനെ കൂട്ടിയത് എന്നും, രണ്ടുദിവസത്തെ താമസത്തിനുശേഷം ഗുരുവും ചട്ടമ്പിയും മരുത്വാമലയിലേയ്ക്കു പുറപ്പെട്ടു എന്നതാണ് യഥാർത്ഥ ചരിത്രം എന്നും ഒരു ലേഖനത്തിൽ ഡോ. എം.എസ്. ജയപ്രകാശ് സാർ പറയുന്നുണ്ട്.“ചട്ടമ്പിസ്വാമി നാരായണഗുരുവിന്റെ ഗുരുവാണെന്ന” പ്രചരണം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗുരു തന്നെ ഇപ്രകാരം പറഞ്ഞതായും ജയപ്രകാശ് സാർ പറയുന്നു. “നാം ചട്ടമ്പിയിൽ നിന്നു ഒന്നും പഠിച്ചിട്ടില്ലല്ലോ. കുമ്മംപള്ളി രാമൻപിള്ള ആശാൻ നമ്മുടെ ഗുരുവാണെന്ന് പറയുന്നതിൽ നമുക്ക് അഭിമാനമേയുള്ളൂ….”
ഇവിടെയും തൈക്കാട്ട് അയ്യാവിനെകുറിച്ച് പരാമർശിക്കുന്നതേയില്ല. അതെന്തായാലും ശിഷ്യന്മാർ മരണശേഷം ഗുരുവിനെപ്പിടിച്ചു സമാധിയിരുത്തി കുഴിച്ചിട്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ ഗുരു യോഗയെ പരിഹസിക്കുന്നുമുണ്ടല്ലോ? ചട്ടമ്പിയെയും അയ്യാവിനെയും ഒക്കെ ഗുരുവിനോട് ചേർത്ത് വെക്കുന്നതിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്.
ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും സുഹൃത്തുക്കളും സമകാലികന്മാരുമായിരുന്നുവെങ്കിലും അവരുടെ ദർശനങ്ങളിലും സാമൂഹിക കാഴ്ചപ്പാടിലും വളരെയേറെ വ്യത്യാസമുണ്ടെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. രണ്ടു പേരും ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തെ വെല്ലുവിളിക്കുകയും, നിഷേധിക്കുകയും ചെയ്തവർ തന്നെ. എന്നാൽ ബ്രാഹ്മണാധിപത്യത്തെ എതിർത്ത ഗുരു അതിനു പകരമായി കണ്ടത് സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തെയാണ്.
നാരായണ ഗുരുവിന്റെ കൃതികളും, അരുവിപ്പുറംപ്രതിഷ്ഠയും അന്ന് ബ്രാഹ്മണ്യത്തിന്റെ അടിത്തറ ഇളക്കുവാൻ പര്യാപ്തമായിരുന്നു. ‘സംഘടിച്ചു ശക്തരാകുക’ എന്ന ഗുരുവിന്റെ ആഹ്വാനം ബ്രാഹ്മണ്യത്തിന്റെ അടിത്തറയിൽ ഉയർത്തിയിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിക്കേറ്റ തിരിച്ചടിയാവുകയും ചെയ്തു.
‘വേദാധികാര നിരൂപണം ‘ എന്ന തന്റെ കൃതിയിലൂടെ ചട്ടമ്പിസ്വാമികൾ വേദാധികാരത്തെയും ബ്രഹ്മണ്യത്തെയും നിഷേധിക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണ്യത്തെ നിഷേധിക്കുന്ന ചട്ടമ്പിസ്വാമികൾ ബ്രാന്മണ്യത്തിന്റെ സ്ഥാനം നായർക്ക് നൽകുകയാണ് ചെയ്തത്. ബ്രാഹ്മണാധിപത്യത്തിനു പകരം ‘നായർ‘ മേധാവിത്വത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്. ”പ്രാചീന മലയാളം” എന്ന കൃതിയിലൂടെയാണ് ചട്ടമ്പിസ്വാമികൾ നായർ മേധാവിത്വം സ്ഥാപിച്ചിട്ടുള്ളത്. നാരായണ ഗുരുവിനെപ്പോലെ സർവ്വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനം അദ്ദേഹത്തിന്റെ സങ്കല്പത്തിൽ തെളിയുന്നതേയില്ല.
കേരളം പരശുരാമ സൃഷ്ടിയാണെന്ന (ഭാർഗവ ക്ഷേത്രം) ബ്രാഹ്മണ സിദ്ധാന്തത്തെ യുക്തി യുക്തം ഖണ്ഡിച്ചു കൊണ്ടാണ് ‘പ്രാചീന മലയാളം‘ എന്ന കൃതിയിൽ അദ്ദേഹം നായർ മേധാവിത്വത്തിലേയ്ക്ക് എത്തുന്നത്. പ്രസ്തുത കൃതിയിലെ ആറാം അദ്ധ്യായത്തിന് ‘നായന്മാരുടെ ഔൽകൃഷ്ട്യവും മലയാള ഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും‘ എന്നാണ് തലക്കെട്ട് തന്നെ നൽകിയിട്ടുള്ളത്. പ്രസ്തുത അദ്ധ്യായത്തിൽ ചട്ടമ്പിസ്വാമികൾ ഇങ്ങനെ പറയുന്നു: ”അപ്രകാരമാകുമ്പോൾ മലയാള ഭൂമിയും സകല വസ്തുക്കളും നയൻമാർക്ക് മാത്രമുള്ളതായിട്ടെ ഇരിക്കുവാൻ പാടുള്ളൂ. അപ്പോൾ മലയാള ബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും ശൂദ്രരുടെ (നായർ) വകയായിട്ടും അവർ ഈ ബ്രാഹ്മണർക്ക് കൊടുത്തതായിട്ടും തന്നെയിരിക്കണം” ഇതാണ് ചട്ടമ്പിസ്വാമികളുടെ ‘നായർ സ്ഥാനം‘. നാരായണ ഗുരുവിന്റെ ‘മാതൃകാ സ്ഥാനവും’ ചട്ടമ്പിസ്വാമികളുടെ ‘നായർ സ്ഥാനവും’ തമ്മിലുള്ള വ്യത്യാസം കാണാതെ നാരായണ ഗുരുവിന്റെ ഗുരുവാണ് ചട്ടമ്പിസ്വാമികൾ എന്ന് പ്രചരിപ്പിക്കുന്നവർ അവിവേകമാണ് കാട്ടുന്നത്.
മതങ്ങളെപ്പറ്റിയുള്ള വീക്ഷണത്തിലും ഇവർ തമ്മിൽ വ്യത്യാസം കാണാം. പലമതസാരവുമേകം എന്ന ദർശനത്തിൽ നാരായണഗുരു എത്തി നിൽക്കുമ്പോൾ മതവൈരം പ്രചരിപ്പിക്കുന്നതിലാണ് ചട്ടമ്പിസ്വാമികൾ എത്തിച്ചേർന്നത്. ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതചഛേദനം‘ എന്ന കൃതിയിൽ ക്രിസ്തുമതക്കാരെ ഇന്നാട്ടിൽ നിന്നും ഓടിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ക്രൈസ്തവ വിരോധം അതിന്റെ പാരമ്യതയിലെത്തി നില്ക്കുന്ന കൃതിയാണ് ക്രിസ്തുമതച്ഛേദനം. മതാന്ധതയിൽ നിന്നു മാറി ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ‘ എന്ന ശ്രീ നാരായണ സന്ദേശം ചട്ടമ്പിസ്വാമികൾക്ക് അംഗീകരിക്കാനാവുന്നില്ല.
അന്ന് ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമത വിദ്വേഷ പ്രചാരണത്തിൽ ആകൃഷ്ടരായി ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിച്ച നായർ യുവാക്കളും ഈഴവ യുവാക്കളുമൊക്കെ ഈ ചേർത്തലയിൽ വരെയുണ്ട്. അതേക്കുറിച്ച് വേറൊരു പോസ്റ്റായി ഇടാം.
ശ്രീനാരായണ ഗുരുവിന്റെ മഹത്വം വെളിപ്പെടുന്നത് അദ്ദേഹത്തെ മറ്റു മഹാന്മാരോട് സാമ്യപ്പെടുത്തുമ്പോഴല്ല, മറിച്ച് അവരിൽ നിന്നും അദ്ദേഹം എങ്ങനെ വ്യത്യസ്ഥനായിരിക്കുന്നു എന്നു കണ്ടെത്തുമ്പോഴാണ്. ശ്രീ നാരായണൻ ശങ്കര സമാനനോ, ചട്ടമ്പിസ്വാമികളുടെ ശിഷ്യനോ അല്ല. അദ്ദേഹത്തിന്റെ അനുയായികൾ എങ്ങനെ ചിന്തിച്ചാലും. ജന്മഭൂമിക്കാർ എങ്ങനൊക്കെ ലിറ്ററൽ കില്ലിങ്ങ് നടത്തിയാലും ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം അനുപമമാണ്.


