ന്യൂഡൽഹി: രാഹുൽ ഗാന്ധി എം പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. വയനാട് എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. 2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കിയത്.
ഇതോടെ ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ മേൽക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുണ്ടാകുന്നത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പാൽ സിംഗാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.


