Fri. Nov 20th, 2026

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതികരണവുമായി സി പി എം നേതാവ് എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അൽപ്പസമയത്തിന് മുൻപ് പുറത്തിറങ്ങിയിരുന്നു. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. 2019ൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അദ്ദേഹം അയോഗ്യനാക്കപ്പെട്ടത്. അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. രാഹുലിനെതിരെയുള്ള നടപടിക്കെതിരെയാണ് എം സ്വരാജ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്ന് എം സ്വരാജ് അഭിപ്രായപ്പെടുന്നു. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്ന് എം സ്വരാജ് അഭിപ്രായപ്പെട്ടു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകൾക്കും
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും
വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.
കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും
എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.