കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ കോഴക്കേസിൽ കരാറുകാരനായ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം രാത്രി 9.45 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടക്കാഞ്ചേരിയിൽ പ്രളയ ബാധിതർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ ദുബായിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴ നൽകിയെന്ന ഇ.ഡി. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ഡോളറാക്കി മാറ്റിയ കോഴ കള്ളപ്പണമായി നൽകിയെന്നാണ് കേസ്. ഇതിൽ ഒരു പങ്ക് വിദേശത്തേക്കും കടത്തി. കോഴ നൽകിയതായി സന്തോഷ് ഈപ്പൻ ഇ.ഡി.ക്കും സി.ബി.ഐക്കും മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നേരത്തെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നു.
ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ജോയിന്റ് ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് പദ്ധതിക്കായി ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷന് പദ്ധതിയില്‍ സന്തോഷ് ഈപ്പന് യു എ ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ ഡിയുടെ ആരോപണം. പി എസ് സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.


