തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സിപീക്കറാണെന്നും നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവരുന്നതെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തര പ്രമേയത്തിനായി കൊണ്ടു വരുന്നു. വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തര പ്രമേയത്തിനായി ഉന്നയിക്കാൻ പാടില്ലെന്നാണ് നിയമം എന്നാൽ അതെല്ലാം ലംഘിക്കപ്പെടുന്നു. കൂടാതെ സഭയിൽ ബാനർ, മുദ്രാവാക്യം വിളി എന്നിവ പാടില്ലെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും നിയമസഭയുടെ അന്തസ് കാക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം ഇ പി ജയരാജനെ വിവാദത്തിലേയ്ക്ക് നയിച്ച കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും.
റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്.