Wed. Nov 25th, 2026

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മകന്റെയും പല ബിസിനസ് ആവശ്യങ്ങൾക്കായും തന്നെ ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന് സ്വപ്‌ന സുരേഷ്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ശിവശങ്കറും സി എം രവീന്ദ്രനും അടക്കം തന്നെ ഉപയോഗിച്ചതിനുശേഷം എല്ലാ കാര്യങ്ങളും തന്റെ തലയിൽ വയ്ക്കാനായി 15 മാസം ജയിലിലയച്ചു. സത്യം തുറന്നുപറയാൻ തന്റെ മുൻ ഭർത്താവിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായിച്ചില്ല. തന്നെ കെണിയിലാക്കി. ഡി ഐ ജിയും മറ്റും അവരുടെ ആവശ്യത്തിനനുസരിച്ച് പല വോയിസ് റെക്കാഡുകളും ചെയ്യിച്ചു. ശിവശങ്കറിന്റെ യഥാർത്ഥ്യം തിരിച്ചറിഞ്ഞതിനുശേഷമാണ് താൻ സത്യം പുറത്തുപറയാൻ തുടങ്ങിയത്.


മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്നൊരാൾ ഇന്റർവ്യൂ ചെയ്യാനെന്ന പേരിൽ ബാംഗ്ളൂർ വരണമെന്നും കാണണമെന്നും പറഞ്ഞു. അവിടെപോയി സംസാരിക്കുന്നതിനിടെയാണ് മനസിലായത് അത് സന്ധിസംഭാഷണം ആയിരുന്നു എന്നത്. ഒരാഴ്ച സമയം തരാം മക്കളെയുംകൊണ്ട് ഇവിടെനിന്ന് ഹരിയാനയോ ജയ്‌പൂരോ പോകണം.അവിടെ എല്ലാ സൗകര്യവും ഒരുക്കിത്തരും. അവിടെനിന്ന് മലേഷ്യയിലേയ്ക്കോ യു കെയിലേയ്ക്കോ പോകാനുള്ള സൗകര്യം ഒരുക്കിത്തരും. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ എല്ലാ തെളിവുകളും കൈമാറണമെന്ന് പറഞ്ഞു. തെളിവുകൾ എല്ലാം അവർ നശിപ്പിച്ചോളുമെന്ന് പറഞ്ഞു.

ബാംഗ്ളൂരിൽ നിന്ന് പോയില്ലെങ്കിൽ ഇനി സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്നുകളയുമെന്നും, തീർത്തുകളയുമെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും യൂസഫ് അലിയ്ക്കും എതിരെ സംസാരിക്കുന്നതുനിർത്തി പറഞ്ഞതെല്ലാം കള്ളമാണെന്ന് ജനങ്ങളോട് പറഞ്ഞ് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. ഇതിനായി 30 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തു. യൂസഫ് അലി തനിക്ക് പണിതരും എന്നും അതിനാൽ സൂക്ഷിക്കണമെന്നും പറഞ്ഞു. യൂസഫലി വിചാരിച്ചാൽ വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് മയക്കുമരുന്ന് പോലുള്ളവ ബാഗിൽവച്ച് തന്നെ പിടിപ്പിക്കുമെന്ന് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ലൈവിൽ വെളിപ്പെടുത്തി. ഒരു കോംപ്രമൈസിനും തയ്യാറല്ലെന്നും സ്വ‌പ്ന വ്യക്തമാക്കി.