Mon. Nov 2nd, 2026

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് കത്ത് നൽകിയത്. ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. പുക പടരുന്നത് മൂലം ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ രേണുരാജ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയിലേതിന് സമാനമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധി ബാധകം. കൂടാതെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും അവധി നൽകിയിട്ടുണ്ട്. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിൽ അവധി ബാധകം.