Mon. Nov 2nd, 2026

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ എസ് യു നേതാവ് ഫെനി നൈനാനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ റിപോര്‍ട്ട് തേടി സംസ്ഥാന ഡി ജി പി. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ സംസ്ഥാന ഡി ജി പി രവാഡ ചന്ദ്രശേഖര്‍, പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ ഡി വൈ എസ് പി തല അന്വേഷണത്തിന് ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കിയത്.

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്തോ എന്നും പരിശോധിക്കും. ജൂലൈ 11ന് യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോള്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍ ആയിരുന്നു ഉണ്ടായത്. അക്രമികള്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിധിന്റെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചിട്ടും നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് തലയൂരാനാണ് പൊലിസ് ശ്രമിച്ചത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. കണ്ടാല്‍ അറിയാവുന്നവര്‍ എന്ന് മാത്രമായിരുന്നു എഫ് ഐ ആര്‍.

ഭരണസ്വാധീനത്തില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നായിരുന്നു സി പി എം ആരോപണം. പിന്നീട് സി പി എം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സി സി ടി വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു. ഇതോടെയാണ് ഡി വൈ എസ് പി തല അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയുള്ള ആക്രമണത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയത് സേനയില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. എന്നാല്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ അതിക്രമത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്. സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. സ്റ്റേഷനില്‍ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡിയിലെടുത്തയാളെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആക്രമിക്കാന്‍ വിട്ടുകൊടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും ഒമ്പതിന് അടൂരില്‍ സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ 10ന് സംഗമം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Content Highlights:Ravada Chandrasekhar ordered a DySP-level probe into the attack at Adoor police station involving Congress leaders. The investigation will examine police lapses and soft charges against the accused. CPM announced a protest rally on 9th to demand action against those involved.





 

Leave a Reply