കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ കുപ്പിയിലുണ്ടായിരുന്നത് പെട്രോളെന്ന് സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. തീ പിടിച്ച കാറിൽ കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഫെബ്രുവരി രണ്ടിനായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന അപകടമുണ്ടായത്. അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് പെട്രോളിന്റെ സാന്നിദ്ധ്യം ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരുന്നത്. ഇന്ന് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഉദ്യോഗസ്ഥർ ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറിന് തീപിടിച്ച് മയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി വി പ്രജിത്ത് (32), ഭാര്യ കെ കെ റീഷ (26) എന്നിവർ ദാരുണമായി മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമുണ്ടായത് എന്നായിരുന്നു പ്രാഥമിക നിഗമനം. കാറിൽ നിന്ന് ഇവർക്ക് ഇറങ്ങിപ്പോകാൻ പറ്റാത്തവിധത്തിൽ അതിവേഗം തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങൾ അപകടത്തിന് പിന്നാലെ വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ വാഹനത്തിൽ കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചെന്ന് കണ്ടെത്തിയതായി പ്രചരിച്ചു. എന്നാൽ കുടുംബം അത് നിഷേധിക്കുകയും കുപ്പിയിൽ വെള്ളമായിരുന്നു എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഗർഭിണിയായ റീഷയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നതിന് കേവലം 500 മീറ്റർ മാത്രം അകലെയായിരുന്നു അപകടം. പ്രജിത്തും റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ഏഴുവയസുകാരി ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവർ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുൻവശത്തെ ഡോർ തുറക്കാൻ കഴിയും മുമ്പ് അഗ്നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ഡ്രൈവർ സീറ്റിന്റെ മുൻ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നത്.
പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവർ പറഞ്ഞു. കത്തിയാളുന്ന കാറിൽ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാൻ ഫയർ ഫോഴ്സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയിൽ ഉയർന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോർ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. ക്യാബിനും സീറ്റും പൂർണമായും കത്തിനശിക്കുകയായിരുന്നു.


