✍️ ചന്ദ്രപ്രകാശ്.എസ്.എസ്
മേയ് 2: ഡോ.അയ്യത്താൻ ഗോപാലൻ ഓർമ്മദിനം
കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ അർഹമായ പരിഗണന ഡോ.അയ്യത്താൻ ഗോപാലന് കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ശ്രീനാരായണ ഗുരു ജനിച്ച് ഏഴ് വർഷം കഴിഞ്ഞ് 1863 ലാണ് ഡോ.അയ്യത്താൻ ഗോപാലനും ഡോ.പി.പല്പുവും ജനിക്കുന്നത്. ഇരുവരും മെഡിക്കൽ വിദ്യാഭ്യാസം നേടിയത് മദിരാശിയിൽ നിന്നും. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ ഡോ.പി.പല്പുവിന് തിരുവിതാംകൂറിൽ ജോലി നിഷേധിക്കപ്പെട്ടു. അതേസമയം മലബാറിൽ ജനിച്ച ഡോ.അയ്യത്താൻ ഗോപാലന് 1897 ൽ കാലിക്കറ്റ് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇന്നത്തെ കുതിരവട്ടം മാനസിക ആശുപത്രി) സൂപ്രണ്ടായി ജോലി ലഭിച്ചു.
അതുവരെ വിദേശികൾ മാത്രം അലങ്കരിച്ച ഈ പദവിയിലെത്തിയ ആദ്യ ഇന്ത്യാക്കാരനും വിശേഷിച്ച് കേരളീയനുമാണ് ഡോ.അയ്യത്താൻ ഗോപാലൻ. മാനസിക രോഗികളെ വെറുക്കപ്പെട്ടവരായി പരിഗണിച്ചിരുന്ന അക്കാലത്ത് അവരെ രോഗികളായി കണക്കാക്കി ചികിൽസ നൽകാനും അന്നത്തെ ജയിലിനേക്കാൾ പരിതാപകരമായിരുന്ന മാനസികരോഗാശുപത്രിയെ ഇന്നത്തെ നിലയിലാക്കാനും അയ്യത്താൻ ഗോപാലൻ വഹിച്ച പങ്ക് വളരെ വലുതാണ്.
“നാമിന്ന് സാമൂഹ്യ പരിഷ്ക്കർത്താക്കളായി അറിയുന്ന പ്രാതസ്മരണീയർക്കെല്ലാം മുമ്പേ പറന്നുപോയ പരിവർത്തന പക്ഷിയായിരുന്നു അയ്യത്താൻ ഗോപാലൻ”എന്നാണ് ഡോ.സുകുമാർ അഴീക്കോട് അദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് രാജാറാം മോഹൻറായിയും അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജവുമാണ്. ബംഗാളിൽ തുടങ്ങിയ രാജാറാം മോഹൻ റായിയുടെ പുരോഗമനത്തിൻ്റെയും പരിവർത്തനത്തിന്റെയും കൊടുങ്കാറ്റ് ഭാരതമാകെ പടർന്നപ്പോൾ അതിൻ്റെ സ്പന്ദനങ്ങൾ തെക്ക് കേരളക്കരയിലും ഉണ്ടായി. അയ്യത്താൻ ഗോപാലനാണ് കേരളത്തിൽ ബ്രഹ്മസമാജം സ്ഥാപിച്ചത്. 1898 ജനുവരി 17 നാണ് കോഴിക്കോട് ആസ്ഥാനമായി ബ്രഹ്മസമാജം ജന്മമെടുത്തത്. അയിത്തത്തിനും, വിഗ്രഹാരാധനയ്ക്കും, ജാതി വേർതിരിവിനും എതിരെ പോരാടിയ ഡോക്ടർ അയ്യത്താൻ ഗോപാലൻ മലബാറിലെ നവോത്ഥാനനായകന്മാരിൽ പ്രഥമഗണനീയനാണ്.
1861 മാർച്ച് മൂന്നാം തീയതി തലശേരിക്കടുത്ത് അഞ്ചരക്കണ്ടിയിൽ അയ്യത്താൻ ചന്തന്റേയും കല്ലാട്ട് ചിരുതമ്മയുടെയും മകനായി ഗോപാലൻ ജനിച്ചു. അഞ്ചരക്കണ്ടി എലിമെന്ററി സ്കൂൾ, തലശേരി ബ്രണ്ണൻ സ്കൂൾ, ബാസൽ മിഷ്യൻ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മദിരാശിയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കി. സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ യാഥാസ്ഥിതികത്വത്തിനും, അനാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടാൻ അതീവതാല്പര്യം പ്രകടിപ്പിച്ചു.
അക്കാലത്ത് സാമ്പ്രദായികമായി തലമുടി വളർത്തി കുടുമയായി കെട്ടിവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ രീതിയോട് കലഹിച്ച് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം കുടുമ മുറിച്ചു. സ്വന്തം കുടുംബത്തിലും തീയ്യ സമുദായത്തിലും ഇത് വളരെ വലിയ കോളിളക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. അന്നത്തെ ആഢ്യതീയ്യ സമുദായാംഗമായ അയ്യത്താൻ ഗോപാലൻ താഴ്ന്നജാതിയിലെ മുക്കുവ സുഹൃത്തിന്റെ കുടിലിൽ കല്യാണത്തിനുപോയി ഭക്ഷണം കഴിച്ചെന്ന വാർത്ത തറവാട്ടു കാരണവരെ ക്ഷുഭിതനാക്കി. തുടർന്ന് കുടുംബ വീട്ടിൽ നിന്നും ബഹിഷ്കൃതനായ ഗോപാലന് സ്കൂൾ മാറി പഠിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.
മദ്രാസിൽ മെഡിക്കൽ പഠനകാലത്താണ് അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെടുന്നത്. ബ്രഹ്മസമാജത്തിന്റെ തത്ത്വങ്ങളുമായും, ആശയങ്ങളുമായും കൂടുതൽ ആകർഷണം തോന്നി ആ സംഘടനയുമായി അടുക്കുകയായിരുന്നു. ആദർശങ്ങൾ വെറുതെ പറഞ്ഞു നടക്കാനുള്ളതല്ലെന്നും സ്വജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു. ബ്രഹ്മസമാജം അനുശാസിക്കുന്ന രീതിയിൽ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളുവെന്ന് അദ്ദേഹം തീരുമാനിച്ചു. മദ്രാസ് സംസ്ഥാനത്ത് ജീവിക്കുന്ന വേളയിൽ ബ്രഹ്മസമാജം അനുശാസിക്കുന്ന നിഷ്ഠകളോടെ നടന്ന വിവാഹമായിരുന്നു ഗോപാലന്റേത്. വിശ്രുത സംസ്കൃത പണ്ഡിതനായിരുന്ന ഡോ. രാമകൃഷ്ണ ഭണ്ഡാർക്കർ ആയിരുന്നു വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്. അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഹാദേവ ഗോവിന്ദ റാനഡെ ഉൾപ്പടെയുള്ള പ്രമുഖർ അദ്ദേഹത്തിൻ്റെ വിവാഹത്തിനെത്തിയിരുന്നു. ബ്രഹ്മസമാജത്തിൻ്റെ നേതൃത്വത്തിൽ നടന്ന ദക്ഷിണേന്ത്യയിലെ ആദ്യവിവാഹമായിരുന്നു ഇത്.
രാജാറാം മോഹൻറായിയുടെ മരണശേഷം ബ്രഹ്മസമാജത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ദേവേന്ദ്രനാഥ് ടാഗോറാണ്. അദ്ദേഹത്തിന്റെ മകനാണ് ഇന്ത്യയുടെ അഭിമാനമായ കവിയും, ചിത്രകാരനും,നൊബേൽ സമ്മാനജേതാവും, സംഗീതജ്ഞനുമായ രവീന്ദ്രനാഥ് ടാഗോർ. ബ്രഹ്മസമാജത്തിന്റെ തത്ത്വസംഹിതകളും ആശയയങ്ങളും ക്രോഡീകരിച്ച് “ബ്രഹ്മധർമ്മം” എന്നൊരു പുസ്തകം ദേവേന്ദ്രനാഥ് ടാഗോർ ആദ്യം സംസ്കൃതത്തിലും പിന്നീട് ബംഗാളിയിലും പ്രസിദ്ധപ്പെടുത്തി. ഇന്ത്യയിലെ പല ഭാഷകളിലും ബ്രഹ്മധർമ്മത്തിന് പരിഭാഷകളുണ്ടായി. ഈ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റിയതും പ്രസിദ്ധീകരിച്ചതും അയ്യത്താൻ ഗോപാലനാണ്.
ബ്രഹ്മസമാജത്തെ മുൻനിർത്തിയാണ് അയിത്തോച്ചാടനം, അവർണരുടെ വിദ്യാഭ്യാസം, മിശ്രഭോജനം, മിശ്രവിവാഹം എന്നീ പ്രവർത്തനങ്ങൾക്ക് മലബാറിൽ അയ്യത്താൻ ഗോപാലൻ തുടക്കം കുറിക്കുന്നത്. സവർണമേധാവിത്വവും,അയിത്തവും, ജാതിവിവേചനവും കൊടികുത്തിവാണിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ഇത്തരം അനാചാരങ്ങൾക്കെതിരെ ധീരമായി പടനയിച്ച ആദർശശാലിയാണ് അയ്യത്താൻ ഗോപാലൻ.
മലബാറിലെ സാമൂഹ്യപരിഷ്കർത്താക്കളായ കല്ലിങ്ങൽ രാരിച്ചൻ മൂപ്പൻ, മിതവാദി സി കൃഷ്ണൻ വക്കീൽ, മഞ്ചേരി രാമയ്യർ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, സാധു ശിവപ്രസാദ് തുടങ്ങിയവർക്കെല്ലാം വഴികാട്ടിയായി മുമ്പേ നടന്നയാളാണ് അയ്യത്താൻ ഗോപാലൻ. മിതവാദി പത്രം തുടങ്ങാൻ കൃഷ്ണൻ വക്കീലിന് പ്രേരണയും,ഉപദേശവും,സഹായവും നൽകിയത് അയ്യത്താൻ ഗോപാലനാണ്.
മലബാറിലെ ബഹുഭൂരിപക്ഷം ജനങ്ങളും ബഹുമാനിച്ചിരുന്ന അയ്യത്താൻ ഗോപാലനെ സന്ദർശിച്ചതിനെക്കുറിച്ച് വാഗ്ഭടാനന്ദൻ വിശദമായി എഴുതിയിട്ടുണ്ട്. അക്കാലത്ത് ബ്രഹ്മസമാജ പ്രവർത്തകർക്കുവേണ്ടി ഗീതങ്ങൾ എഴുതിക്കൊടുത്തിരുന്നത് ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനുമായിരുന്നു.
1900 ഒക്ടോബർ 1 ന് കോഴിക്കോട് കേന്ദ്രമാക്കി അയ്യത്താൻ ഗോപാലൻ ബ്രഹ്മമന്ദിരം എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. എല്ലാ ജാതി മതസ്ഥർക്കും ഒത്തുകൂടാനുള്ള കേന്ദ്രമായിരുന്നു ബ്രഹ്മമന്ദിരം.ബ്രഹ്മസമാജത്തിന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആലപ്പുഴയിൽ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചത് ഗോപാലനാണ്. അക്കാലത്ത് ദളിതർക്ക് വിദ്യാഭ്യാസത്തിനുവേണ്ടി മലബാറിൽ പോരാടിയിരുന്ന ഒരേയൊരാൾ അയ്യത്താൻ ഗോപാലനായിരുന്നു.
കോഴിക്കോട്ടുള്ള എലിമെന്ററി സ്കൂൾ ഡോ. അയ്യത്താൻ ഗോപാലൻ സ്ഥാപിച്ചത് ദളിതരുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ്. അയിത്തജാതിക്കാർ സാമുദായിക സംഘടനാപ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തകാലത്ത് അവരെ അക്ഷരം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങിയതും അയ്യത്താൻ ഗോപാലനായിരുന്നു. ദളിതർക്ക് പ്രധാന റോഡിൽക്കൂടി സഞ്ചാരസ്വതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ചേവായൂർ കോഴിക്കോട് റോഡിലൂടെ പറയസമുദായത്തിലുള്ളവരെ ആദ്യമായി വഴി നടത്തിച്ചത് ഡോ. ഗോപാലനായിരുന്നു. അക്കാലത്തെ ഒരു പ്രധാനസംഭവമായിരുന്നു ഇത്. സവർണ മേധാവികളെ വെല്ലുവിളിക്കുന്ന തരത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ഡോക്ടർ ഗോപാലന് ഭയമോ മടിയോ ഉണ്ടായിരുന്നില്ല.
കോഴിക്കോട്ടെ ചിത്തരോഗാശുപത്രിയിൽ സൂപ്രണ്ടായി അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലയളവിൽ വലിയ മാറ്റങ്ങളാണ് അവിടെ കൊണ്ടുവന്നത്. രോഗികളെ സെല്ലിൽ അടച്ചുപൂട്ടിയിടുന്നതും, മർദ്ദനവും മാത്രം ചികിത്സാരീതിയായി കണക്കാക്കിയിരുന്ന അക്കാലത്ത് മാനസിക രോഗികളെ സെല്ലിൽ നിന്നും പുറത്താക്കി, അവരെ കായികവിനോദങ്ങളിലുൾപ്പടെ പങ്കെടുപ്പിച്ച് മനുഷ്യത്വം നിറഞ്ഞ ചികിത്സാരീതി കൊണ്ടുവന്നത് ഡോ. ഗോപാലനാണ്. എതുസമയത്തും രോഗികൾക്ക് അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ആശുപത്രിയിൽ വരാത്ത വളരെ ദരിദ്രരും നിരാലംബരുമായ രോഗികളെ അവരുടെ ഭവനങ്ങളിൽ പോയി ചികിത്സിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
ഡോ. അയ്യത്താൻ ഗോപാലന്റെ സാമൂഹിക സേവനങ്ങളെ പരിഗണിച്ചും ആദരിച്ചും ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന്, റാവു സാഹെബ് പട്ടം നൽകുകയുണ്ടായി.
അയിത്ത ജനങ്ങളുടെ ഉദ്ധാരണത്തിനും, സാമൂഹ്യപരിഷ്ക്കരണത്തിനും, അയിത്തോച്ഛാടനത്തിനും മലബാറിലെ അവർണർക്കിടയിൽ ശക്തമായ പ്രചാരണങ്ങളുമായി അയ്യത്താൻ ഗോപാലൻ മുന്നോട്ടുപോകുന്ന കാലഘട്ടത്തിലാണ് വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീനാരായണഗുരു മലബാറിലെത്തുന്നത്. വ്യക്തിപരമായി ശ്രീനാരായണഗുരുവിനോട് ഏറെ സ്നേഹാദരങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഗ്രഹപ്രതിഷ്ഠയ്ക്കും, വിഗ്രഹാരാധനക്കും, ക്ഷേത്രനിർമാണത്തിനും അയ്യത്താൻ ഗോപാലൻ എതിരായിരുന്നു. അതിനാൽ അദ്ദേഹം ഗുരുവുമായി ചേർന്ന് അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായില്ല.
അതേസമയം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രസക്തി മനസിലാക്കിയ അയ്യത്താൻ അതിനെ തടയിടാനും എതിർക്കാനും പോയതുമില്ല. സാമൂഹ്യ പരിഷ്ക്കരണമാണ് ഗുരുവിൻ്റെ കർമ്മപഥമെന്ന പൊതുയോജിപ്പിൽ അദ്ദേഹം എത്തിച്ചേർന്നു. മലബാർ കേന്ദ്രമാക്കി പലതരം പുരോഗമന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ ഡോ.അയ്യത്താൻ ഗോപാലൻ ദേശീയ പ്രസ്ഥാനത്തിലോ, അതുമായി ബന്ധപ്പെട്ട പ്രക്ഷോഭണങ്ങളിലോ,സ്വാതന്ത്ര്യസമരത്തിലോ പങ്കെടുക്കുകയുണ്ടായില്ല.
വിശ്വസിക്കുന്ന ആദർശത്തിനൊത്തു ജീവിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചക്കും അയ്യത്താൻ ഗോപാലൻ തയാറായില്ല. അഞ്ച് മക്കളിൽ ഏക പുത്രിയായ സരോജഭായിയെ മംഗലാപുരത്തെ ബ്രഹ്മസമാജ പ്രവർത്തകനായിരുന്ന ശ്രീനിവാസ് എന്നു പേരായ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ യുവാവാണ് വിവാഹം കഴിച്ചത്.
കൊച്ചി രാജ്യത്ത് സഹോദരൻ അയ്യപ്പൻ മിശ്രഭോജനപ്രസ്ഥാനം ആരംഭിക്കുന്നതിന് വളരെ മുമ്പൂതന്നെ ഡോക്ടർ അയ്യത്താൻ ഗോപാലന്റെ ഭവനത്തിൽ നായാടികളുൾപ്പടെ എല്ലാ താണ ജാതിക്കാർക്കും വീട്ടിനകത്ത് ഭക്ഷണം വിളംബിയിരുന്നു. ഇക്കാരണത്താൽ വീട്ടിലെ ജോലിക്കാർപോലും ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്.
അയ്യത്താൻ ഗോപാലനും അദ്ദേഹത്തിന്റെ പത്നി കൗസല്യയും ഇതെല്ലാം അവഗണിച്ച് അവർണർക്ക് വീട്ടിൽ ഭക്ഷണം നൽകിപ്പോന്നു. സാമൂഹ്യ പരിഷ്ക്കരണത്തിന് എതിരായ സകല ആചാരങ്ങളോടും അയ്യത്താൻ ഗോപാലൻ കലഹിച്ചു. അക്കാലത്തെ ഏറ്റവും ഉയർന്ന ഡോക്ടർ വിദ്യാഭ്യാസവും സൂപ്രണ്ട് എന്ന ഔദ്യോഗിക പദവിയും ഉണ്ടായിട്ടും അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടിയും, അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടിയും അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. കാലത്തിനുമുമ്പേ നടന്ന ജ്ഞാനിയും മഹത്വ്യക്തിയായിരുന്ന അദ്ദേഹത്തെ ചരിത്രം വേണ്ടരീതിയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു വിരോധാഭാസമാണ്.
1921 ലെ മാപ്പിള ലഹളയിലും അയ്യത്താൻ ഗോപാലൻ ധീരോദാത്തമായ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം കോഴിക്കോട് ചിത്തരോഗാശുപത്രിയിൽ ഡോക്ടറായി ജോലി നോക്കുമ്പോഴാണ് ലഹള പൊട്ടിപുറപ്പെടുന്നത്. തിരൂരങ്ങാടി, കോട്ടക്കൽ, മഞ്ചേരി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അരലക്ഷത്തിലധികം വരുന്ന ആളുകളാണ് അന്ന് അഭയാർഥികളായി കോഴിക്കോട്ടെത്തിയത്. ഇവർക്ക് സഹായമെത്തിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു. അദ്ദേഹത്തോടൊപ്പം മഠത്തിൽ കുഞ്ഞിക്കോരപ്പൻ, സി കൃഷ്ണൻ വക്കീൽ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. ഡോ.അയ്യത്താൻ ഗോപാലൻ മുൻകൈയെടുത്ത് ചിത്തരോഗാശുപത്രിതന്നെ ഒരഭയാർഥി ക്യാമ്പായി മാറ്റി. ലഹളയുമായി ബന്ധപ്പെട്ട ഏറ്റവും ഫലപ്രദമായ ഒരു അഭയാർഥി ക്യാമ്പ് ഇതായിരുന്നു.
1948 ലാണ് ഡോ.അയ്യത്താൻ ഗോപാലൻ അന്തരിച്ചത്. ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന അദ്ദേഹം മികച്ച ചിന്തകനും സാഹിത്യകാരനുമായിരുന്നു. സരോജിനീപരിണയം, സുശീലാ ദുഃഖം എന്നീ നാടകങ്ങൾ, കീർത്തന രത്നമാല, ഗാനമാലിക എന്നീ സങ്കീർത്തന ഗ്രന്ഥങ്ങൾ, രാജാറാം മോഹൻറായിയുടെ ജീവചരിത്രം, ദേവേന്ദ്രനാഥ ടാഗോർ രചിച്ച ബ്രഹ്മധർമ്മത്തിന്റെ പരിഭാഷ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. മലയാളത്തിൽ രചിച്ച ആദ്യത്തെ സാമൂഹ്യനാടകമാണ് സരോജിനീ പരിണയം.
മലബാറിലെ ആദ്യ വനിതാഡോക്ടർ അയ്യത്താൻ ജാനകിയമ്മാൾ അയ്യത്താൻ ഗോപാലൻ്റെ സഹോദരിയാണ്. അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച സുഗുണവർദ്ധിനി പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു ജാനകിയമ്മാൾ.ഡോക്ടർ എന്നതിലുപരി സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾക്കായി നിലകൊണ്ട ധീരവനിതയായിരുന്നു ജാനകിയമ്മാൾ.
അയ്യത്താൻ ഗോപാലൻ്റെ മറ്റൊരു മകനാണ് സ്വാതന്ത്യസമര സേനാനിയും ആദ്യ കേരള നിയമസഭയിൽ അംഗവുമായിരുന്ന അയ്യത്താൻ ബാലഗോപാലൻ. അദ്ദേഹത്തിൻ്റെ മകനാണ് എം പി യും, എം എൽ എ യും,കേരളത്തിലെ വനം – പരിസ്ഥിതി മന്ത്രിയുമായിരുന്ന എ.സുജനപാൽ. ബ്രഹ്മസമാജത്തിൻ്റെ ഒരു വാർഷിക പൊതുയോഗത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോർ ഡോ.അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് കേരളത്തിലെ രാജാറാം മോഹൻ റായ് എന്നാണ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


