Tue. Jul 28th, 2026

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യുവാവിനെ മോചിപ്പിച്ചത് പണം നൽകാമെന്ന് സമ്മതിച്ചപ്പോൾ,​ രണ്ടു ദിവസം റിസോർട്ടിൽ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നൽകാമെന്നേറ്റപ്പോഴാണ് തന്നെ വിട്ടയച്ചതെന്ന് മർദ്ദനത്തിനിരയായ തക്കല സ്വദേശി മുഹയുദ്ദീൻ പറയുന്നു. ഗൾഫിൽ പോയി നൽകാമെന്ന് അറിയിച്ചപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് കാമുകി തന്നെയാണ് നൽകിയതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഫെബ്രുവരി 22നാണ് വിമാനത്താവളത്തിൽ നിന്ന് മുഹയുദ്ദീനെ തട്ടിക്കൊണ്ടുപോയത്. കാമുകി ഇൻഷ,​ സഹോദരൻ ഷെഫീഖ് എന്നിവരാണ് മുഖ്യപ്രതികൾ.


മുഹയുദ്ദീൻ ഇൻഷയുമായി ഒരുവ‌ർഷമായി പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് വിട്ടുപോകാൻ ഒരു കോടി വേണമെന്ന് ഇൻഷ ആവശ്യപ്പെട്ടു. ഗൾഫിൽ പോയി പണം നൽകാമെന്ന് ഏറ്റപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് ഇൻഷ തന്നെ നൽകി. തിരിച്ചെത്തിയപ്പോൾ പണം ലഭിക്കില്ലെന്ന സൂചന കിട്ടിയതോടെ സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുഹയുദ്ദിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ചിറയിൻകീഴിലുള്ള റിസോർട്ടിൽ കെട്ടിയിട്ട് മുഹയുദ്ദീന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ,​ രണ്ടുഫോൺ,​ സ്വർണം എന്നിവ കവർന്നു. രണ്ടു ദിവസത്തിന് ശേഷം വിമാനത്താവളത്തിന് മുന്നിൽ ഉപേക്ഷിച്ചു. മുഹയുദ്ദീൻ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇൻഷയുടെയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്,​ ഷാജാസ്,​ ആഷിഖ്,​ അൻസിൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളെ കോടതിയിൽ ഹാജരാക്കും.