Tue. Nov 24th, 2026

കണ്ണൂര്‍: സി പി എമ്മും എം ശിവശങ്കറും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലന്നെും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാന്‍ താനില്ലെന്ന് ആകാശ് തില്ലങ്കേരി വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാല്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളും.


ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ശുഹൈബ് വധകേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാവുന്ന കാലമാണിത്. സി ബി ഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടു പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.