ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബയ് ഓഫീസുകളാണ് പൂട്ടിയത്. ഇവിടെയുള്ളവരോട് വീട്ടിലിരുന്ന് ജോലിചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ബംഗളൂരുവിലെ ഓഫീസ് നിലനിറുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കടുത്തതാണ് ഓഫീസുകൾ അടച്ചുപൂട്ടാൻ ട്വിറ്ററിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാൽ നടപടിയെക്കുറിച്ച് ഇതുവരെ ട്വിറ്ററിന്റെ ഇന്ത്യയിലെ അധികൃതർ പ്രതികരിച്ചിട്ടില്ല.
ട്വിറ്റർ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവരുന്നുണ്ടെന്നും നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു. പ്രതിസന്ധി കടുത്തതോടെ ജീവനക്കാരെ വൻതോതിലാണ് കമ്പനി ഒഴിവാക്കിയത്. ഇന്ത്യയിൽ നിന്ന് കഴിഞ്ഞവർഷം മാത്രം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത്തരം കടുത്ത നടപടികകളിലൂടെ ഈ വർഷം അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി ഭദ്രമാക്കാം എന്നാണ് ബന്ധപ്പെട്ടർ പ്രതീക്ഷിക്കുന്നത്. ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തോടെയാണ് പരിഷ്കരണങ്ങൾ ശക്തമാക്കിയത്. കനത്ത നഷ്ടം നേരിടുന്നതിന്റെ ഭാഗമായാണ് പരിഷ്കരണങ്ങൾ വേഗത്തിലാക്കിയത്.
ട്വിറ്റർ അധികം വൈകാതെ പാപ്പരാകുമെന്ന് മസ്ക് തന്നെ മുന്നറിയപ്പ് നൽകിയിരുന്നു. ട്വിറ്റർ ഏറ്റെടുത്തശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഈ മുന്നറിയിപ്പ്. ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയുടെ നെടുംതൂണുകളായ മുതിർന്ന ജീവനക്കാർ രാജിവച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.


