Sun. Jul 26th, 2026

ബംഗളുരു: കര്‍ണാടകയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. ചിക്കമംഗളുരുവില്‍ പശുവിറച്ചിയുടെ പേരില്‍ അതിക്രമം നടത്തിയ മൂന്ന് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുദിഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ഗജിവുര്‍ റഹ്മാന്‍ എന്ന യുവാവിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിന്‍, അജിത്, മധു എന്നിവരാണ് പ്രതികള്‍. ഗജിവുര്‍ റഹ്മാന്റ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്.

എന്നാല്‍ പോലീസ് ഗജിവുര്‍ റഹ്മാനെതിരെ ബീഫ് വില്‍പനക്ക് കേസെടുത്തു. ഇയാളില്‍ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടി. പിടിച്ചെടുത്ത മാംസം പരിശോധിക്കാന്‍ ലാബിലേക്ക് അയച്ചു.


മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 2020ല്‍ കര്‍ണാടകയില്‍ കര്‍ശനമായ കന്നുകാലി കശാപ്പ് നിരോധന നിയമം കൊണ്ടുവന്നിരുന്നു്. എല്ലാ പ്രായത്തിലുമുള്ള പശുക്കള്‍, പശുക്കുട്ടികള്‍, കാളകള്‍, 13 വയസ്സിന് താഴെയുള്ള എരുമകള്‍ എന്നിവയെ കശാപ്പ് ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കച്ചവടം ചെയ്യുന്നതും നിരോധിച്ചിരുന്നു.

ഹാസന്‍ ജില്ലയില്‍ 2022 ഓഗസ്റ്റില്‍ പശുവിനെ കടത്തുന്നതിനിടെ ദളിത് യുവാവിനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വന്തം വസതിയിലേക്ക് പശുവിനെ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം.