Thu. Nov 19th, 2026

കോയമ്പത്തൂർ: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രവീണ്‍ റാണക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതിയുടെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഈ മാസം ആറിനാണ് കൊച്ചി പോലീസിനെ വെട്ടിച്ച് ഇയാള്‍ സംസ്ഥാനത്തു നിന്ന് രക്ഷപ്പെട്ടത്. റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്.

പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്.