Tue. Mar 19th, 2024

✍️ ലിബി. സി.എസ്

ഒക്ടോബർ 29: വിഗ്രഹാരാധനയ്ക്കും ജാതിബോധത്തിനുമെതിരെ കേരളമാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച ആചാര ലംഘകനായ നവോത്ഥാന നായകൻ വാഗ്ഭടാനന്ദൻ (1884 – 1939) ഓർമ്മദിനം.

യഥാർത്ഥ പേര് കുഞ്ഞിക്കണ്ണൻ എന്നാണ്‌. ഗുരുവായ ബ്രഹ്മാനന്ദ ശിവയോഗിയാണ് വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത്. കോഴിക്കോട് കാരപ്പറമ്പില്‍ ‘തത്ത്വപ്രകാശിക’ എന്ന സംസ്കൃത പാഠശാല സ്ഥാപിച്ച വാഗ്ഭടാനന്ദന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം പിന്നീട് കോഴിക്കോടായി. മിശ്രവിവാഹം, പന്തിഭോജനം, കൂട്ടായ ജീവിതം തുടങ്ങിയ പ്രായോഗിക മാര്‍ഗങ്ങളിലൂടെ അനാചാരങ്ങളെ ചുട്ടെരിക്കാനായിരുന്നു വാഗ്ഭടാനന്ദന്റെ ആഹ്വാനം. കാവി ഉപേക്ഷിച്ച് ഖദര്‍ ധരിച്ച സന്ന്യാസിയെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. 1923ലാണ് കാഷായവസ്ത്രം ഉപേക്ഷിച്ചത്. യുക്തിയും ആശയവും ഭാഷയും സമന്വയിച്ച വാക്‌ പ്രവാഹത്തിന്റെ വ്യക്തിവൽക്കരണമായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവൻ.

ശ്രീനാരായണഗുരുവിനെ അദ്ദേഹത്തിന്‌ വലിയ ബഹുമാനമായിരുന്നു എങ്കിലും നാരായണ ഗുരു ജീവിച്ചിരുന്ന കാലത്തെ അദ്ദേഹത്തിൻറെ ഏറ്റവും വലിയ വിമർശകൻ ആയിരുന്നു വാഗ്ഭടാനന്ദൻ.


1914ൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ച്‌ വാഗ്‌ഭടനെ കണ്ട ഗുരു അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പൾ വാഗ്ഭടൻ ഗുരുദേവനോട് ഇങ്ങനെ പറഞ്ഞു ’ഞാൻ അങ്ങയെ വെറുതെ ഒന്ന് കാണാൻ വേണ്ടി വന്നതാണ് അല്ലാതെ ഞാൻ അങ്ങയുടെ ആളൊന്നുമല്ല കേട്ടോ’ എന്ന്.

പക്ഷെ നാരായണ ഗുരു വാഗ്ഭടാനന്ദനോട് തിരിച്ചു പറഞ്ഞത്: “ഞാൻ പക്ഷെ വാഗ്ഭടന്റെ ആളാണ്”എന്നായിരുന്നു.

വാഗ്ഭടാനന്ദൻ ശ്രീനാരായണഗുരുവിനോട്‌ തിരിച്ച് ഇങ്ങനെ ചോദിച്ചു: “എന്നിട്ടാണോ അങ്ങ്‌ കേരളം മുഴുവൻ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നത്? അദ്വൈതവും ഇതും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും?”

നാരായണ ഗുരുവിൻറെ മുഖത്ത്‌ ഒരു സാകൂത മന്ദസ്മിതം വിരിഞ്ഞു. സ്വാമി പറഞ്ഞു: “ജനങ്ങൾ സ്വൈരം തരണ്ടേ?…”
“അവർക്ക്‌ ക്ഷേത്രം വേണം. പിന്നെ കുറേ എന്ന്‌ നാമും വിചാരിച്ചു!”.


വാഗ്ഭടാനന്ദന്റെ തിരുവിതാംകൂർ പര്യടനം മതങ്ങൾ അനുഷ്ഠിച്ചു വരുന്ന ദുരാചാരങ്ങൾക്കെതിരായ പ്രപണ്ഡമായ പ്രചരണമായിരുന്നു. ഒരു പുതിയ വെളിപാട്‌ കേട്ടതുപോലെ ജനങ്ങൾ ചകിതരായി. തൃക്കുന്നപുഴയിൽ പുത്തൻതോപ്പിൽ പത്മനാഭപ്പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിദ്വൽസദസ്‌ പ്രസിദ്ധമാണ്‌. മഹാകവി കുമാരനാശാൻ, സിവി കുഞ്ഞുരാമൻ, സാധു ശിവപ്രസാദ്‌, ബ്രഹ്മവ്രതൻ, എസ്‌ കെ നായർ, കൈനിക്കര ജി കുമാരപിളള തുടങ്ങി പ്രമുഖരായ അനവധി പേരുടെ സാന്നിധ്യത്തിൽ വാഗ്ഭടാനന്ദൻ നടത്തിയ പ്രസംഗം സദസിനെയാകെ വിസ്മയചകിതരാക്കി.

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന അദ്ദേഹം ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് അദ്ദേഹം ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.



വിഗ്രഹ ധ്വംസകൻ ആയിരുന്നെങ്കിലും 1924 ൽ ടി കെ മാധവന്റെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യഗ്രഹത്തിന്‌ വാഗ്ഭടാനന്ദൻ സർവപിന്തുണയും നൽകി. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സത്യഗ്രഹത്തിന്‌ കാര്യമായ പ്രചരണം നൽകാൻ അദ്ദേഹം ശ്രമിച്ചു. ആയിടയ്ക്ക്‌ ഒരു ശിഷ്യൻ അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി. ‘ക്ഷേത്രവിരോധിയായ ഗുരുദേവൻ ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുന്നതെന്താണ്‌?’

വാഗ്ഭടാനന്ദ ഗുരുദേവൻ ഉത്തരം പറഞ്ഞു: ‘അതൊരു മനുഷ്യാവകാശ പ്രക്ഷോഭണമാണ്‌. പൗരാവകാശസ്ഥാപന പരിശ്രമമാണ്‌. ക്ഷേത്രത്തിൽ ആരാധിക്കണോ വേണ്ടയോ എന്നുളള പ്രശ്നം വേറെയാണ്‌.’

1914ൽ ആലുവയിൽ വെച്ച് നാരായണഗുരുവിനോട് വാഗ്ഭടാനന്ദൻ ചോദിച്ച ചോദ്യത്തിന് “ഞാൻ പക്ഷെ വാഗ്ഭടന്റെ ആളാണ്” എന്നു പറഞ്ഞു ചിച്ചുകൊണ്ട് ഗുരുനൽകിയ ഉത്തരത്തിൻറെ പൊരുൾ പത്തു വർഷത്തിന് ശേഷം വാഗ്ഭടാനന്ദൻ പൂർണ്ണമായി തന്നെ തിരിച്ചറിഞ്ഞു എന്നുസാരം!