Sunday, September 26, 2021

Latest Posts

കാലുതൊട്ട് മാപ്പ് പറഞ്ഞ് വിളിച്ചുകൊള്ളുക.. അച്ചായോ മാപ്പെന്ന്…!

✍️ ലിബി.സി.എസ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുൻപ് നിയമസഭയിൽ ഡസ്കിൽ ചാടിക്കയറിയതിനെ വലിയ അപരാധമായി കരുതുന്നവർ ഇടതുപക്ഷ അനുയായികളിലും ഉണ്ട്. കമ്യൂണിസ്റ്റ് കാരൻ നിയമനിർമ്മാണ സഭകളിൽ പോകുന്നത് അകത്തും പുറത്തും ഒരുപോലെ സമരം ചെയ്യാനാണ്. സഖാവ് വി ശിവൻകുട്ടി വിദ്യാർത്ഥികാലഘട്ടം മുതൽ തിരുവനന്തപുരം മേയർ ആയിരിക്കുമ്പോഴും പിന്നീട് മന്ത്രിയാകുന്നതുവരെയും അകത്തും പുറത്തും നിരവധി സമരമുഖങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന ഒരു സഖാവാണെന്ന് എല്ലാ തിരുവനന്തപുരത്തുകാർക്കുമറിയാം.എന്തെങ്കിലും ഒരു വിഷയം വിളിച്ചുപറഞ്ഞാൽ ഉടൻ സ്പോട്ടിൽ എത്തുന്നയാളാണ് അല്ലാതെ സാധാരണ രാഷ്ട്രീയ നേതാക്കളെ പോലെ പിന്നെയാകട്ടെ കുറച്ചു തിരക്കാണ് പിന്നെവിളിക്കൂ എന്നൊന്നും പറയുന്ന ആളല്ല. എന്നാൽ രാഷ്ട്രീയമായി അതെല്ലാം അസാധുവാകുന്നത് മാണി മഹാനാകുകയും എൽഡിഎഫ് ൻറെ ഘടക കക്ഷി ആകുകയും ചെയ്തതോടെയാണ്.

കെ. എം മാണിമകൻ ജോസ്‌ കെ മാണിയും മാണികോൺഗ്രസും ഇടതുപക്ഷത്തേയ്ക്ക് വരാൻ പോകുന്നുവെന്നൊക്കെ പറയുമ്പോൾ ചിന്തിക്കുന്ന ഒരു ഇടതുപക്ഷക്കാരനും അത് ആഗ്രഹിച്ചിരുന്നില്ല. അംഗീകരിച്ചിരുന്നില്ല. രാപ്പകൽ പാലായിൽ പണിയെടുത്ത ഓരോ ഇടതുപക്ഷക്കാരന്റെയും സ്വപ്നങ്ങളിൽ ഒരു കുടുംബവാഴചയുടെ അന്ത്യമുണ്ടായിരുന്നില്ലെ? 50 വർഷത്തിലേറെ മാണി പാല സ്വന്തം നാട്ടുരാജ്യം പോലെ ഭരിച്ചു. രാജകുമാരന്മാരെ വാഴിക്കലാണോ കോൺഗ്രസിനെ പോലെ സി.പി.എം അജണ്ട..?

പാലായിൽ മാണി എം.എൽ.എ ആയിരുന്നു. മരണം വരെ. ഉമ്മൻ ചാണ്ടിയും ഏകദ്ദേശം അത്രത്തോളം കാലമായി ഒരേ മണ്ഡലത്തിൽ മത്സരിക്കുന്നു. മണ്ഡലം ഒന്ന് മാറാൻ പോലും അവർ തയ്യാർ ആവുന്നില്ല. തികച്ചും ജനാധിപത്യവിരുദ്ധമായ ഒന്നാണിത്. തനിക്ക് ലഭിച്ച അധികാരം ഉപയോഗിച്ച് മണ്ഡലത്തിലെ ജനത്തെ തന്റെയൊപ്പം നിർത്തുന്ന പ്രവർത്തന രീതി. ഇത് ഇടതുപക്ഷത്തിന്റെ രീതിയല്ല. അവിടെ ഒരു വ്യക്തി പ്രവർത്തിക്കുന്നത് പാർട്ടിയ്ക്ക് വേണ്ടിയാണ്. അയാൾ മാറിയാലും പാർട്ടി ആരെ അവിടെ നിർത്തിയാലും വിജയിക്കണം. അതാണു ഇടതുപക്ഷ പ്രവർത്തനം.

ഈ സമയത്ത് ശിവൻ കുട്ടിയെക്കുറിച്ച് നടക്കുന്ന അഭിപ്രായ പ്രകടനങ്ങളിൽ അദ്ദേഹം നിയമസഭയിൽ നടത്തിയ ഒരു പ്രകടനമാണ് പലരും കൊണ്ടുനടക്കുന്നത്. ശിവൻകുട്ടി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞത് ഒരു അഴിമതിക്കേസിലുമല്ല. ഒരു അഴിമതിക്കാരനെതിരെ നിയമസഭയിൽ പ്രതിഷേധിച്ച കേസിലാണ്. കമ്യൂണിസ്റ്റ് ക്കാരന്റെ സമരരീതികൾ ഭഗവാൻ ശംഖ് ഊതുമ്പോൾ തുടങ്ങണെമന്നും ശംഖ് ഊതുമ്പോൾ നിർത്തിക്കൊള്ളണമെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടില്ല.

എന്തിനായിരുന്നു അദ്ദേഹം മേശയിൽ ചാടിക്കയറിയത്…? എന്തിനായിരുന്നു അങ്ങിനെ പ്രതികരിച്ചത്..? കെ.എം മാണി കോഴ വാങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു ശിവൻ കുട്ടി നിയമ സഭയ്ക്കുള്ളിൽ അത്തരമൊരു പ്രകടനം നടത്തിയത്.
ശിവൻ കുട്ടിയെക്കുറിച്ച് എല്ലാവരുടെയും മനസിൽ ഉള്ളൊരു ചിത്രമുണ്ട് യൂണിവേഴ്സിറ്റി കോളേജിൽ കയറി പോലീസ് കുട്ടികളെ തല്ലി ചതച്ചപ്പോൾ മതിലു ചാടിക്കടന്ന് ചെന്ന് പ്രതിരോധം തീർത്തൊരാൾ……..

പിന്നീട് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും അതിന് ശേഷം രാജഗോപാലിനോട് പരാജയപ്പെട്ടെങ്കിലും എൽഡിഎഫ് ഭരിക്കുമ്പോഴും നിരവധി സമരമുഖങ്ങളിൽ അദ്ദേഹത്തെ നേരിട്ടും വാർത്തകളിലും നാം കണ്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ശീലമാണ്.., ആ സഖാവിൽ ഇന്നും നശിക്കാതെ കിടക്കുന്ന യുവത്വത്തിന്റെ പ്രതികരണമാണ്… അനീതിയ്ക്ക് എതിരെ എവിടേയ്ക്കും ചാടിക്കടന്നു ചെല്ലാനുള്ള ത്വര. അതാണ് അദ്ദേഹം ഡസ്കിൽ ചാടിക്കടന്നതിൽ കാണുന്നത്. കാരണം… അത് വലിയൊരു അഴിമതിയ്ക്ക് എതിരെ ആയിരുന്നു… അത് ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് അത്രമേൽ ശ്രദ്ധേയമായൊരു അവസരമായിരുന്നു… അന്ന് ഇങ്ങനെയല്ലാതെ പിന്നെ എങ്ങിനെയാണ് പ്രതികരിക്കുക..?

അഴിമതി മോശമെന്ന് തോന്നുന്നുവെങ്കിൽ… അഴിമതി അവസാനിപ്പിക്കേണ്ടതുണ്ടെന്ന ചിന്തയുണ്ടെങ്കിൽ… നമുക്ക് പ്രതികരിക്കേണ്ടി വരും. ഇ.പി ജയരാജനും ശിവൻ കുട്ടിയും അന്ന് പ്രതികരിച്ചത് അവരുടെ പ്രതികരണ രീതിയിലാണ്. അതിനെ അപലപിക്കുമ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട്… പിന്നെ എങ്ങിനെ വേണമായിരുന്നു അത്രയും വലിയ അഴിമതിയ്ക്ക് എതിരെ പ്രതികരിക്കാൻ..? പ്രതികരണ ശേഷിയില്ലാത്ത അനുസരണയുള്ള ചോദ്യം ചോദിക്കാത്തെ സ്‌കിൽഡ് വർക്കേഴ്‌സിനെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ (more disciplinal technicians and workers ഉണ്ടാക്കുന്ന) നടപ്പിലാക്കുന്ന ഇനിയുള്ള കാലത്ത് ഒരു ശിവൻകുട്ടിമാരും ഉണ്ടാവുകയുമില്ല. തെറ്റായ തീരുമാനം എടുത്തവരുടെ ചെകിടിനു അടി കൊടുത്ത് കേരളം സ്വീകരിച്ച ഏറ്റവും ഉജ്ജ്വലമായ തീരുമാനം അതായിരുന്നു. ശിവൻ കുട്ടിയുടെ പ്രകടനം… അതിൻറെ പേരിൽ ഉണ്ടായ കേസ് അഭിമാനത്തോടെ നേരിടുക.

പക്ഷേ നേതാവെങ്കിലും സഖാവ് ശിവൻകുട്ടി സാധാരണക്കാരനായിരുന്നു അതുകൊണ്ട് പൊതുജനം കഴുതകളായി മാറിയതുപോലെ അല്ലറ ചില്ലറ പ്രശനങ്ങളൊക്കെ അദ്ദേഹത്തിനും ഉണ്ടാകും. മറ്റ് ചില നേതാക്കൾക്ക് അത്തരം ധാരണകൾക്കൊന്നും യാതൊരു പ്രയാസവും ഇല്ലെന്ന് തിരിച്ചറിയുക. ഇപ്പോൾ കള്ളൻ മാണിയുടെ അനുയായികൾ എന്ന് പറഞ്ഞവരെ അച്ചായാ എന്ന് ബഹുമാനിക്കാൻ പാർട്ടിക്കാർ തുടങ്ങിയിരിക്കുന്നു…
ചിലരൊക്കെ വിളിക്കാനുള്ള ഉളുപ്പ് അല്പം മാറാൻ വേണ്ടി മാറി നിൽക്കുന്നുണ്ടാവും… സാരമില്ല… കാലുതൊട്ട് മാപ്പ് പറഞ്ഞ് വിളിച്ചുകൊള്ളുക.. ‘അച്ചായോ മാപ്പെന്ന്….’

മാണിക്ക് രൂപക്കൂട് പണിത് പ്രതിഷ്ഠിക്കാൻ ബഡ്ജറ്റിൽ വരെ പണം നീക്കിവെച്ച വിപ്ലവപ്ലവ കാലത്ത് മാണി വിശുദ്ധനെന്ന് മനസ്സിൽ പറഞ്ഞുറപ്പിക്കുക.ഒപ്പം മാണി സാർ സിന്ദാബാദ് എന്ന് പറയാനും തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ വിളിക്കാനും ശീലിക്കണം. ഇക്കാര്യത്തിൽ വിശിവൻകുട്ടി സഖാവിന് ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കിൽ, എ.എ റഹിം, സ്വരാജ് പുലി, ഷംസീർ, റിയാസ് ഇവരെയൊക്കെ ശ്രദ്ധിച്ച് പഠിച്ചാൽ മതി. അങ്ങനെ ശീലിച്ചാൽ അങ്ങേയ്ക്ക് ഇപ്പോഴും എപ്പോഴും എന്നേയ്ക്കും നല്ലതേ നല്ലതേ വരൂ…

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.