Thu. Mar 28th, 2024

✍️ സുരേഷ്. സി ആർ

സ്വന്തമായതെല്ലാം വിറ്റ് ചലച്ചിത്ര മേഖലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു ജെ.സി ഡാനിയേൽ(1893 – 1975). ഇന്ത്യയിലെ മറ്റു ഭാഷകളിലെല്ലാം ആദ്യ ചിത്രത്തിന് ചരിത്രമോ പുരാണമോ വിഷയമായപ്പോൾ, മാതാപിതാക്കളിൽ നിന്നും അകന്നു പോകുന്ന ഒരു ബാലന്റ കഥ പറഞ്ഞ് മലയാളത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയം ആദ്യ ചലച്ചിത്രമാക്കി ഡാനിയൽ ചരിത്രം സൃഷ്ടിച്ചു.

അഗസ്തീശ്വരത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം ഡെന്റിസ്ട്രി പഠിച്ച് ദന്തരോഗ ചികിത്സകനായി.പിന്നീട് സിനിമാമേഖലയോട് താൽപ്പര്യം തോന്നിയ അദ്ദേഹം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തി ചലച്ചിത്രസംവിധാനം പഠിച്ചു.


മുംബൈയിൽനിന്നും തിരിച്ചെത്തി സിനിമയെടുക്കാനായി പനച്ചമൂടിൽ 100 ഏക്കർ സ്വന്തം സ്ഥലം വിറ്റ് പണം സ്വരൂപിച്ചു.1926-ൽ കേരളത്തിലെ ആദ്യത്തെ സിനിമാനിർമാണശാലയും സ്റ്റുഡിയോയുമായ തിരുവനന്തപുരത്ത് പട്ടത്തെ ട്രാവൻകൂർ നാഷ്ണൽ പിക്ച്ചേഴ്സ് സ്ഥാപിച്ചു.

1928 നവംബർ 7-ന് മലയാളത്തിലെ ആദ്യ ചലച്ചിത്രമായ ‘വിഗതകുമാരൻ’ തിരുവനന്തപുരത്തെ ‘ക്യാപ്പിറ്റോൾ’ തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഇരുപത് മിനുറ്റായിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ഡാനിയൽ തന്നെയായിരുന്നു നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമെല്ലാം. അതിൽ നായികയായി അഭിനയിച്ച റോസി ഒരു കീഴാളവിഭാഗത്തിൽ നിന്നായതുകൊണ്ട് യാഥാസ്ഥിതികരായ ജനങ്ങളുടെ രോഷംമൂലം ആദ്യപ്രദർശനം അലങ്കോലപ്പെട്ടു.


വിഗതകുമാരനുശേഷം ഒരു ചിത്രംകൂടി നിർമിക്കാൻ ശ്രമിച്ചെങ്കിലും, വാങ്ങിയ കടം വീട്ടാനാവാതെ സ്റ്റുഡിയോയും ക്യാമറയും വിൽക്കേണ്ടി വന്നു. പാപ്പരായ അദ്ദേഹം ദന്ത വൈദ്യത്തിലേക്കു തന്നെ മടങ്ങി.

1929-ൽ വിഗതകുമാരൻ’പബ്ലിക് മിറർ ‘ബഹുമതി ലഭിച്ചു. 1992-ൽ ജെ.സി.ഡാനിയലിന്റെ പേരിൽ ഭാഷാ സിനിമയ്ക്ക് നൽകുന്ന ആജീവനാന്ത സംഭാവനകൾക്കായി കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തി.