Fri. Mar 29th, 2024

മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി സന്‍ജിത് കുമാര്‍ മോന്‍ഡല്‍നാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ചക്കുങ്ങല്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്ന ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനത്തിലാണ് ആര്‍ടിപിസിആര്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വ്യാജ ഐഡി കാർഡുകളും പ്രിന്റ് ചെയ്തു കൊണ്ടിരുന്നത്.

മൂവാറ്റുപുഴ, കോട്ടയം, എറണാകുളം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ലാബുകളിലെയും ആശുപ്രത്രികളിലെയും വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് പ്രിന്റ് ചെയ്തിരുന്നു.ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നും മൂവാറ്റുപുഴ പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

റെയ്ഡില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാർകാർഡുകൾ എന്നിവ പൊലീസ് കണ്ടെത്തുകയും വിശദമായ പരിശോധനയ്ക്കായി സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനം സീല്‍ ചെയ്തു.