Thu. Apr 25th, 2024

സ്‌പെഷ്യൽ റിപ്പോർട്ടർ

കാതൊലിക്കാ പള്ളികളിലെ ഇന്നത്തെ മദ്യവിരുദ്ധ ഞായർ (2021 മാർച്ചു് 14) ആചരണത്തിൻ്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ നൽകുന്ന സർക്കുലറിലെ മൂന്നാം ഖണ്ഡികയുടെ അവസാനത്തിലും, നാലാം ഖണ്ഡികയുടെ ആദ്യത്തിലുമുള്ള വാചകങ്ങൾ ചുവടെ.

“മദ്യപാനികൾ ദൈവരാജ്യത്തിൽ പ്രവേശിക്കു കയില്ല. (1 കൊറി 6:30) എന്ന വേദവാക്യം നാം മറന്നു പോകരുതു്. വീഞ്ഞു് കുടിച്ചു് ധീരത പ്രകടിപ്പിക്കാൻ ശ്രമിക്കണ്ട.”

“വീഞ്ഞു് അനേകരെ നശിപ്പിച്ചിട്ടുണ്ടു്. (പ്രഭ. 31:25. ഈ തിരുവചന ഭാഗങ്ങൾ നമ്മെ സമ്പന്ധിച്ചു് വലിയ ഓർമ്മപ്പെടുത്തലുകളാകട്ടെ.”

സർക്കുലറിൻ്റെ അവസാനത്തെ ഖണ്ഡിക പ്രത്യേകം എടുത്തു പറയുന്ന മഹത്കാര്യം ഇതാണു്:-

“നമ്മുടെ ഓരോ ഇടവകയിലും സ്ഥാപനങ്ങളിലും മദ്യവിരുദ്ധ ഞായർ അർത്ഥവത്തായി സംഘടിപ്പിക്കുവാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണം. മാർച്ചു് പതിനാലാം തിയ്യതി ഞായറാഴ്ചയിലെ സ്തോത്രകാഴ്ച്ച രൂപതാ മദ്യവിരുദ്ധ സമിതിക്കു് നൽകി മദ്യവിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കണമെന്നു് അഭ്യർത്ഥിക്കുന്നു.”

ഇതൊക്കെ വാക്കുകളായി വിളമ്പുന്ന കെ സി ബി സി – യുടെ മദ്യവിരുദ്ധതയിലേക്കൊന്നു് എത്തി നോക്കാം.

ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യ സേവ നടത്തുന്നവർ വത്തിക്കാനിൽ ആണെന്നുള്ള വിവരം ഈ മദ്യവിരുദ്ധ സമിതി പ്രവർത്തകർക്കു് ക്നന്നായി അറിയാം. ഇതിൻ്റെ പ്രധാന സ്ഥാനത്തിരിക്കുന്നവർ ചില്ലറ/സാധാ പുരോഹിതരല്ല.

ചക്രവർത്തി മാറാലഞ്ചേരിയുടെ ഭാഷയിൽ പറഞ്ഞാൽ മൂന്നു് രാജാക്കന്മാർ തന്നെയാണു്.

ബിഷപ് യുഹനോൻ മാർ തെയ്ഡോഷ്യസ്
(ചെയർമാൻ, കെ. സി.ബി. സി. മദ്യവിരുദ്ധ സമിതി)

ബിഷപ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ
(വൈസ് ചെയർമാൻ, കെ. സി.ബി. സി. മദ്യവിരുദ്ധ സമിതി)

ബിഷപ് ക്രിസ്തുദാസ്. ആർ
(വൈസ് ചെയർമാൻ, കെ. സി.ബി. സി. മദ്യവിരുദ്ധ സമിതി)

ഇവർക്കു് ചെയ്യാൻ പറ്റുന്ന, എന്നാൽ ചെയ്യാത്തതും, ചെയ്യാൻ തയ്യാറല്ലാത്തതുമായ ഒരു പാടു് കാര്യങ്ങളുണ്ടു്.

അവയിൽ ചിലതാണു് :

01) മദ്യം കഴിക്കുന്നവരെ ദേവാലയങ്ങളിൽ കയറാൻ അനുവദിക്കാതിരിക്കുക.

02) മദ്യം കഴിക്കുന്നവർ തരുന്ന സംഭാവനകൾ (വസ്തുക്കൾ, പണം തുടങ്ങിയവ) സ്വീകരിക്കരുതു്.

03) മദ്യ ഉത്പാദകർ (അബ്കാരി ലൈസൻസ്ള്ളവർ), മദ്യവ്യവസായികൾ, മദ്യവുമായി ബന്ധപ്പെട്ട കച്ചവടക്കാർ…തുടങ്ങിയവരിൽ നിന്നും (ഇവരുടെ കുടുംബങ്ങളിൽ നിന്നുമടക്കം) സംഭാവനകൾ (വസ്തുക്കൾ , പണം തുടങ്ങിയവ) സ്വീകരിക്കരുതു്.

04) മദ്യപാനികളായ പുരോഹിതരുടെ പുരോഹിത സ്ഥാനം എടുത്തു് മാറ്റുക, അങ്ങിനെയുള്ള
വരെ സഭാ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കുക.

05) മദ്യ നിർമ്മാണം മുതൽ വില്പന വരെയുള്ള ഒരു ജോലികളിലും സഭാ വിശ്വാസികൾ ഭാഗവാക്കാകരുതു്.

മദ്യപാനികളുടെ (ഒരു തവണ മദ്യപിച്ചവരാണെങ്കിലും) കുടുംബങ്ങളിൽ യാതൊരു തരത്തിലുള്ള വൈദിക സേവനങ്ങളും ലഭ്യമാക്കരുതു്.

06) കേരളത്തിലെ വിവിധ സഭാ സമൂഹങ്ങൾ കൈക്കലാക്കിയിട്ടുള്ള രണ്ട് ഡസനോളം അബ്കാരി ലൈസൻസുകൾ (മദ്യനിർമ്മാണ ലൈസൻസുകൾ) ഉപേക്ഷിക്കാൻ തയ്യാറാവുക.

ക്രൈസ്തവ മത വിശ്വാസികൾ മദ്യപാനത്തിൻ്റെ ബാലപാഠങ്ങൾ പഠിക്കുന്നതു് അവരുടേ ദേവാലയങ്ങളിൽ നിന്നു തന്നെയാണെന്നു് ആർക്കാണറിയാത്തതു്.

കിണർ, കുളം, പുഴ എന്നിവയിൽ നിന്നും എടുക്കുന്നതും (പൈപ്പു വഴി എത്തുന്നതും) ആയ ജലം ആശിർവദിച്ചു് പുണ്യ ജലം (പവിത്ര ജലം) ആയി വെഞ്ചിരിപ്പിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതു് പോലെ; വൈനിൻ്റെ (വീഞ്ഞിൻ്റെ) സ്ഥാനത്തു് അതേ ജലം, അല്ലെങ്കിൽ മറ്റേതെങ്കിലും വെള്ളം (കരിക്കിൻ വെള്ളം, തേൻ തുടങ്ങിയവ) ദിവ്യബലിയർപ്പണത്തിനു് ഉപയോഗിക്കുക (അങ്ങിനെ ചെയ്താൽ ദൈവം കോപിക്കില്ല എന്നതു് 101% ഉറപ്പു്.) കോറോണ ലോക്ഡൗൺ സമയത്തു് ദിവ്യബലി അർപ്പിക്കാതിരുന്നപ്പോഴും ദൈവം കോപിച്ചിട്ടില്ല.

കോപമുണ്ടായതു് പള്ളി നടത്തിപ്പു് മുതലാളിമാർക്കു് മാത്രമായിരുന്നു. വിശ്വാസി സമൂഹം ഈ പള്ളി നടത്തിപ്പു മുതലാളിമാരുടെ കേളികൾ ശരിക്കും മനസ്സിലാക്കിയ സമയമായിരുന്നു ലോക്ഡൗൺ കാലം. അതിനാൽ തന്നെ കാര്യങ്ങൾ കൈവിട്ടു് പോകും എന്ന അവസ്ഥ വന്നപ്പൾ സാമൂഹ്യ മാധ്യമങ്ങളെ ബഹിഷ്കരിക്കാൻ പറഞ്ഞിരുന്നവർ, സാമൂഹ്യ മാധ്യമങ്ങൾക്കു് മുന്നിൽ തിരുവോസ്തിക്കായി നാവും നീട്ടിയിരിക്കാൻ ഉപദേശിച്ചതും ഈ ദൈവക്കച്ചവടക്കാർ തന്നെ.

കെ സി ബി സി-യുടെ മദ്യവിരുദ്ധ സമിതി എന്ന പേരിലുള്ള സംഘടന, മദ്യ നിരോധനത്തിനായും മദ്യപാനം കുറക്കുന്നതിനായും എന്താണു് ചെയ്തിട്ടുള്ളതു്. സഭയ്ക്കുള്ളിൽ ഉള്ളവരുടെ മദ്യപാനം, മദ്യ നിർമ്മാണം, മദ്യക്കച്ചവടം തുടങ്ങിയവ നിർത്തലാക്കാൻ മദ്യവിരുദ്ധ സമിതി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നടപ്പിലാക്കാതെ; മറ്റുള്ളവരുടെ നെഞ്ചിൽ കയറി നിന്നു് കൂതറ പ്രസംഗം നടത്തുന്ന ഇവർ കൂടുതൽക്കൂടുതൽ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതിയ്ക്കായി വർഷങ്ങളായി എക്സൈസ് വകുപ് ഓഫീസിൽ കയറി നടക്കുകയാണു്.

സ്വയം മദ്യപാനവും മദ്യനിർമ്മാണവും നിർത്താൻ കഴിയാത്തവർ എന്തുകൊണ്ടു് കേരളത്തിൽ മാത്രം മദ്യ നിരോധനം നടപ്പിലാക്കണമെന്ന് പറയുന്നതു്.

സാമൂഹ്യ നന്മയെ ലാക്കാക്കിയുള്ള മദ്യവിരുദ്ധ സമിതി പ്രർത്തങ്ങൾക്കായി വരുന്ന ചിലവുകൾക്കുള്ള സാമ്പത്തിക സ്രോതസ് എന്താണു്. ഈ നന്മ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ചെയ്യുന്നവരുടെ (കണക്കുകൾ) പേരു സഹിതം പുറത്തു് വിടാൻ ഇവർ തയ്യാറാണോ?

സംസ്ഥാനത്തെ സർക്കാർ വ്യവസ്ഥകൾക്കനുസരിച്ചുകൊണ്ടുള്ള മദ്യ നിർമ്മാണവും വിപണനവും നിർത്തലാക്കില്ല എന്ന സത്യം ഇവർക്കു് നന്നായി അറിയാമെങ്കിലും, പിന്നെ എന്തുകൊണ്ടാണു് ഈ മദ്യ വിരുദ്ധ നാടക സമിതി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതു്. എവിടെയൊ, എന്തോ ലാഭം ഇവർക്കു് ലഭിക്കുന്നുണ്ടു് എന്നതിൻ്റെ തെളിവാണിതു്.

ഞങ്ങളുണ്ടാക്കുന്നതു് വീര്യം കുറഞ്ഞ വീഞ്ഞാണെന്നു് പറഞ്ഞു് വിശ്വാസികളെയും പൊതുജനത്തെയും വിഡ്ഡികളാക്കുമ്പോൾ, അതിലടങ്ങിയിരിക്കുന്നതു് 15% ആൾക്കൊഹോൾ ആണെന്നു് ആർക്കാണറിയാത്തതു്. ബീറിൽ ഏഴു് ശതമാനവും, കള്ളിൽ (toddy) 8.1 ശതമാനവും മാത്രമാണു് ആൾക്കഹോളിൻ്റെ അളവു്.

ലോകത്തിൻ്റെ മറ്റു് ഭാഗങ്ങളിൽ, പ്രത്യേകിച്ചു് കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ മദ്യ നിരോധനം നടപ്പിലാക്കാൻ വേണ്ടി എന്തുകൊണ്ടിവർ ശബ്ദമുയർത്തുന്നില്ല.

മദ്യത്തിൻ്റെ ശരാശരി ആളോഹരി ഉപയോഗത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതു് വത്തിക്കാനാണു്. നൂറു് ഏക്കറിൽ (ഏകദേശം 0.44 square kilometres) പരന്നു് കിടക്കുന്ന വത്തിക്കാനിലെ ജനസംഖ്യ 2020-ലെ കണക്കനുസരിച്ചു് വെറും 801 മാത്രമാണു്. ഒരാളുടെ വാർഷിക ശരാശരി മദ്യ ഉപയോഗം 74 ലിറ്റർ, എന്നു് വെച്ചാൽ ഏകദേശം 105 കുപ്പി. ലോക കത്തോലിക്കാസഭയെ നിയന്ത്രിക്കുന്ന സഭോപരിതലത്തിലെ മദ്യപാന ജീവിതത്തിൻ്റെ ഒരു ശകലമാണിതു്.

ലോകം മുഴുവൻ പരന്നു് കിടക്കുന്ന തൻ്റെ പ്രജാ സമൂഹവും ലോക ജനതയും മദ്യപാനത്തിൽ നിന്നും പിന്മാറണമെന്ന ചിന്ത കത്തോലിക്കാ സഭയുടെ ലോക നേതാവായ പോപ്പിനില്ലെന്നു് വരുത്തി തീർക്കാനാണൊ കെ സി ബി സി ഇത്തരം വില കുറഞ്ഞ നാടകം കളിക്കുന്നതു്.

അല്ലെങ്കിൽ, സ്തോത്രക്കാഴ്ചയുടെ രൂപത്തിലും മറ്റു് വഴികളിലൂടെയും വന്നു് ചേരുന്ന കോടികക്കണക്കിനു് രൂപയുടെ വരുമാനത്തിനു് വേണ്ടിയാണോ ഈ സമിതി പ്രവർത്തിക്കുന്നതു്.

ഈ സമിതിയുടെ പ്രവർത്തനങ്ങൾക്കെന്ന പേരിൽ, സ്തോത്രക്കാഴ്ചയുടെ രൂപത്തിലും മറ്റു് വഴികളിലൂടെയും വന്നു് ചേരുന്നതു് എത്ര കോടികളാണെന്നു് സ്തോത്രക്കാഴ്ച കൊടുക്കുന്നവരിലാർക്കെങ്കിലും അല്ലെങ്കിൽ ‘നല്ല പ്രവർത്തികൾക്കാണല്ലൊ’ എന്നു് കരുതി മറ്റു് വഴികളിലൂടെ സംഭാവനകൾ കൊടുക്കുന്നവർക്കും വല്ല ധാരണയുണ്ടോ.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913