Friday, May 7, 2021

Latest Posts

അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച രാഷ്ട്രീയരംഗത്തെ അവധൂതൻ

✍️ സി .ആർ.സുരേഷ്

ഫെബ്രുവരി 14: തിരുവിതാംകൂറിനെ വിറപ്പിച്ച സര്‍ സി പി രാമസ്വാമി അയ്യര്‍ പോലും ഭയപ്പെട്ടിരുന്ന രാഷ്ട്രീയരംഗത്തെ അവധൂതൻ ആർ സുഗതൻ (1901 – 1970) ഓർമ്മ ദിനം.

തൊഴിലാളിവർഗത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച കർമ്മയോഗി, നിയമസഭാവേദിയിലും പുറത്തും നിസ്വവർഗത്തിന്റെ ഉറച്ചപോരാളി, വിപ്ലവകാരി, മികച്ച സംഘാടകൻ, കവി, വാഗ്മി, എഴുത്തുകാരൻ, ജനപ്രതിനിധി ഇങ്ങനെ നിസ്വാർഥമായ സ്വജീവിതം മറ്റുള്ളവർക്കു പാഠപുസ്തകമാക്കിയ കമ്യൂണിസ്റ്റ്‌ നേതാവാണ് ആർ സുഗതൻ. യഥാർത്ഥ പേര് ശ്രീധരൻ.

ബുദ്ധമതത്തോടുള്ള അടങ്ങാത്ത പ്രതിപത്തിയാണ് ശ്രീധരനെ സുഗതൻ എന്ന പേര് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ആലപ്പുഴ ആലിശ്ശേരി എന്ന സ്ഥലത്താണ് ജനിച്ചത്. കുട്ടിക്കാലത്തുതന്നെ പരിസരവാസികളായ കുട്ടികളെ ചേർത്ത് അവരെ അക്ഷരംപഠിപ്പിക്കുന്നതും അന്ധവിശ്വാസത്തിനും അനീതിക്കുമെതിരെ ക്ലാസുകളെടുക്കുന്നതും അദ്ദേഹത്തിന്റെ ശീലങ്ങളായിരുന്നു.

അക്കാലത്തെ എഴാംക്ലാസ്സ് പബ്ലിക്ക് പരീക്ഷ പാസ്സാകുകവഴി സംസ്കൃതത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടി അദ്ധ്യാപക നിയമനത്തിനായുള്ള യോഗ്യത നേടി. പതിനെട്ടാം വയസ്സിൽ ഒരു സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപകനായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ 1938 ൽ രജിസ്റ്റർ ചെയ്തപ്പോൾ ആദ്യത്തെ സെക്രട്ടറിയായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പിറന്നപ്പോൾ അതിൽ ചേർന്നു.

സംഘടനാ പ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തകനാവുകയും “ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ” എന്ന സഹോദരനയ്യപ്പന്റെ മുദ്രാവാക്യത്തിൽ ആകൃഷ്ടനായി ‘യുവജനസമാജം’ എന്ന പേരിൽ ഒരു സഹോദരസംഘം രൂപീകരിക്കുന്നതിന് സുഗതൻ നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് ബുദ്ധമത പ്രചാരകനായി. യുക്തിവാദി പത്രത്തിലെ എം.സി.ജോസഫ്, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമായുള്ള അടുപ്പം വിപ്ലവകരമായ ചിന്താഗതി അദ്ദേഹത്തിൽ വള‍ർത്തി.

1924 ൽ അസോസിയേഷൻ എന്ന പേരിൽ തൊഴിലാളികളുടെ വായനശാലയും തൊഴിലാളികൾക്കായി നിശാപാഠശാലയും ആരംഭിച്ചു. നിവർത്തന പ്രക്ഷോഭത്തിലും സജീവ പങ്കുവഹിച്ചു. അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ ഗൗരവമായി ഇടപെട്ടു. സവർണ്ണർക്കുമാത്രമായുള്ള ഭക്ഷ്യശാലകളിലും മറ്റും അവർണ്ണർക്കുകൂടി പ്രവേശനം ലഭിക്കാൻ അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഇത്തരം സ്ഥലങ്ങൾ പിക്കറ്റ് ചെയ്തു.

1935 ൽ കോഴിക്കോട് പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഒന്നാം അഖിലകേരള തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്തു. 1936 ൽ ലേബർ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന കയർഫാക്ടറി തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലായി.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിലവിൽ വന്നപ്പോൾ അതിൽ അംഗമായി. അതോടെ കയർഫാക്ടറിതൊഴിലാളികളുടെ പണിമുടക്ക്, നാവികതൊഴിലാളി പണിമുടക്ക്, ഉത്തരവാദസമരത്തിനുവേണ്ടിയുള്ള പ്രക്ഷോഭം എന്നിങ്ങനെ സമരപരമ്പരകൾക്കു നേതൃത്വം നൽകി. തിരുവിതാംകൂറിനെ വിറപ്പിച്ച സര്‍ സി പി രാമസ്വാമി അയ്യര്‍ പോലും ഭയപ്പെട്ടിരുന്ന നേതാവായിരുന്നു ആര്‍ സുഗതന്‍.

രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് വിലക്കയറ്റവും ക്ഷാമവും രൂക്ഷമായപ്പോൾ, കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരേ സുഗതന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. പ്രക്ഷോഭം അധികാരികൾക്ക് തലവേദനയായപ്പോൾ സുഗതനെ സമരരംഗത്ത് നിന്നും ഒഴിവാക്കാനായി അധികാരികൾ അദ്ദേഹമെഴുതിയ ‘മെയ്ദിനം’ എന്ന കവിതയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നുവർഷത്തേക്കായിരുന്നു തടവുശിക്ഷ. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ചു.

1938 ജൂലൈയിൽ തിരുവിതാംകൂർ ട്രേഡ് യൂണിയൻ നിയമം നടപ്പിലായപ്പോൾ ഒന്നാം നമ്പർ യൂണിയനായി രജിസ്റ്റർ ചെയ്തത് സുഗതൻ നേതൃത്വം നൽകിയിരുന്ന തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനായിരുന്നു.

1939-ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ജന്മാവകാശമായി ലഭിച്ച സ്വത്തുവകകൾ പാർടിക്ക് നൽകി. 1952-ലും 1954-ലും തിരു-കൊച്ചി നിയമ സഭയിലേക്കും 1957-ലും 1960-ലും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അവിവാഹിതനായിരുന്ന അദ്ദേഹം മരണം വരെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ അംഗമായിരുന്നു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.